coconut

ഹിന്ദുക്കളുടെ ഇടയിൽ തേങ്ങ വെറുമൊരു ആഹാര സാധനം മാത്രമല്ല.ഉത്സവം, വിവാഹം, പൂജ എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരുവിശിഷ്ടവസ്തുവാണ്. ശുഭകാര്യങ്ങൾ ചെയ്യുമ്പോൾ തേങ്ങ ഉടച്ചുകൊണ്ട് തുടങ്ങുന്നത് പതിവാണ്. ശുദ്ധവും പവിത്രവുമായ നിരവധി ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് തേങ്ങയെ ഇത്തരംകർമ്മങ്ങൾക്കെല്ലാം ഉപയോഗിക്കുന്നത്. കെട്ടുംകെട്ടി ഇറങ്ങുമ്പോൾ തേങ്ങയടിക്കൽ നിർബന്ധമാണ്.

തേങ്ങ ഉടയ്ക്കുന്ന വഴിപാടിലൂടെ ഒരാൾ തന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കുന്നു എന്നാണ് കരുതുന്നത്. ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകൻ), മഹേശ്വരൻ (സംഹാരം) എന്നിവരുടെ ചൈതന്യത്തെ തേങ്ങ പ്രതിനിധീകരിക്കുന്നു. ഇവയാണ് തേങ്ങയുടെ മൂന്നുകണ്ണുകൾ എന്നും കരുതുന്നുണ്ട്. അതിനാൽ തേങ്ങ ഉടയ്ക്കുന്നതിലൂടെ ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കും. തേങ്ങയിലെ മൂന്ന് കണ്ണുകൾ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് ചിലർ വിശ്വസിക്കുന്നത്. തേങ്ങയുടെ കട്ടിയുള്ള പുറംതോട് കാർത്തികേയനെയും കാമ്പ് പാർവതീ ദേവിയെയും സൂചിപ്പിക്കുന്നു. വെള്ളം ഗംഗയെയാണ് സൂചിപ്പിക്കുന്നത്. തേങ്ങ ഉടയ്ക്കുമ്പോൾ എങ്ങനെ പൊട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ വ്യക്തികളുടെ ഭാഗ്യ, നിർഭാഗ്യങ്ങൾ എന്ന വിശ്വാസവും ചിലയിടങ്ങളിലുണ്ട്.

ഗർഭിണികൾ ഒരിക്കലും തേങ്ങ ഉടയ്ക്കരുത് എന്നാണ് പഴമക്കാർ പറയുന്നത്. രണ്ട് കാരണങ്ങളാണ് അവർ ഇതിനായി പറയുന്നത്. തേങ്ങ എന്നത് ഒരു ജീവനുള്ള വസ്തുവാണ്. അതിനാൽത്തന്നെ ഒരു ജീവനെപ്പേറുന്ന വ്യക്തി മറ്റൊരു ജീവനെ ഇല്ലാതാക്കരുത് എന്നതാണ് ഒന്നാമത്തെ ന്യായം. തേങ്ങപൊട്ടിക്കുമ്പോൾ ഒരു പ്രഷർ ഉണ്ടാവുമെന്നും അത് ഗർഭിണിയുടെ ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നതാണ് രണ്ടാമത്തേത്.