
സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും കാര്യമായി സ്വാധീനിച്ചു എന്നതിന്റെ ഒരു ഉദാഹരണമാണ് ഓൺലൈൻ ഷോപ്പിംഗ് സമ്പ്രദായം. ഇന്ന് എന്തിനും ഏതിനും മിക്കവരും ആശ്രയിക്കുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെയാണ്. ഇതിൽ ആഹാരവും ഉൾപ്പെടുന്നു. 2022ൽ ഇന്ത്യയിൽ നിന്ന് ലഭിച്ച ഭക്ഷണ ഓർഡറുകൾ സംബന്ധിച്ച് കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ഭക്ഷണ വിതരണ ആപ്ളിക്കേഷനായ സ്വിഗ്ഗി. ഇതിൽ ഒരു രസകരമായ കാര്യവുമുണ്ട്.
ഭക്ഷണങ്ങൾ, സ്‌നാക്കുകൾ തുടങ്ങി വിവിധ ഭക്ഷണങ്ങൾ നമ്മൾ ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിലൂടെ ഓർഡർ ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രാത്രി പത്തുമണിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിവരം പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി. കൊറിക്കാവുന്ന ഭക്ഷണത്തിന്റെ ഇനത്തിൽ ഉൾപ്പെടുത്താവുന്ന പോപ്‌കോണാണ് രാത്രി പത്തിന് ശേഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 22 ലക്ഷത്തിലധികം ഓർഡറുകളാണ് പോപ്‌കോണിന് മാത്രം ലഭിച്ചിരിക്കുന്നത്. കൂടുതൽ പേരും സിനിമ, സീരീസുകൾ മറ്റും കാണുന്നതിനായി രാത്രി സമയം ഉപയോഗിക്കുന്നതിനാലാകാം പോപ്‌കോണിന്റെ ഓർഡറുകൾ ഇത്രയധികം വർദ്ധിച്ചത്.
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം സ്വദേശി ഭക്ഷണങ്ങളോടാണെന്നും സ്വിഗ്ഗിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ലഘുഭക്ഷണങ്ങളുടെ മുന്നിൽ തന്നെയുണ്ട് മിക്കവരുടെയും പ്രിയപ്പെട്ട സ്‌നാക്കുകളായ സമോസയും പാവ് ഭാജിയും, ഗുലാബ് ജാമുനും. ഇന്ന് ഭക്ഷങ്ങസാധനങ്ങൾ മാത്രമല്ല, പഴങ്ങളും പച്ചക്കറികളും വരെ മിക്കവും ഓൺലൈനായി ഓർഡർ ചെയ്ത് ഉപയോഗിക്കുകയാണ് പതിവ്. സമയലാഭവും ഓഫറുകളും കുറച്ച് അധ്വാനം മാത്രം മതിയെന്നതിനാലുമാണ് കൂടുതൽ പേരും ഇത്തരം ആപ്പുകളെ ആശ്രയിക്കാനുള്ള പ്രധാന കാരണങ്ങൾ.