pakistan


ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും എന്നാണ് കരുതുന്നത്.

പുലർച്ചെ 12.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ലക്കി മർവാട്ട് ഏരിയയിലെ സ്‌റ്റേഷനിലേക്ക് ആയുധങ്ങളുമായി എത്തിയ തീവ്രവാദികൾ ഇരച്ചുകയറി പൊലീസുകാർക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആദ്യം ഭയന്നുപോയെങ്കിലും പൊലീസുകാർ പ്രത്യാക്രമണം ആരംഭിച്ചതോടെ തീവ്രവാദികൾ രക്ഷപ്പെട്ടു. ഇതിനുശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുകയാണ്. തീവ്രവാദികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.