
മുംബയ്: ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പൽ മോർമുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. സാങ്കേതികമായി ഏറ്റവും പരോഗമിച്ച യുദ്ധക്കപ്പലാണ് ഐ.എൻ.എസ് മോർമുഗാവോയെന്നും ഇന്ത്യയുടെ സമുദ്രശക്തി വർദ്ധിപ്പിക്കാനുള്ള ശേഷി കപ്പലിനുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അത്യാധുനിക ആയുധങ്ങളും ഉപരിതല മിസൈലുകളും ഉപരിതല ആകാശ മിസൈലുകളും സെൻസറുകളും മോർമുഗാവോയിൽ ഉണ്ട്. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദശകത്തിൽ യുദ്ധക്കപ്പൽ രൂപകല്പനയിലും നിർമ്മാണ ശേഷിയിലും കൈവരിച്ച വലിയ മുന്നേറ്റമാണിതെന്ന് നാവികസേനാ മേധാവി പറഞ്ഞു.
സേനാ പദ്ധതിയുടെ പ്രൊജക്ട് 15ബിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാം യുദ്ധക്കപ്പൽ
നേവിയുടെ ഇൻഹൗസ് ഓർഗനൈസേഷനായ വാർഷിപ്പ് ഡിസൈൻ ബ്യൂറോയുടെ രൂപകല്‌പന
മുംബയ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിന്റെ നിർമ്മാണം
ബറാക്, ബ്രഹ്മോസ് മിസൈലുകൾ അടക്കമുള്ളവ വഹിക്കാൻ ശേഷി
കപ്പലിലെ ആയുധ സംവിധാനങ്ങൾക്ക് ടാർഗെറ്റ് ഡാറ്റ നല്കുന്ന ആധുനിക നിരീക്ഷണ റഡാർ സംവിധാനം
163 മീറ്റർ നീളവും 17 മീറ്റർ വീതിയും
പരമാവധി വേഗം മണിക്കൂറിൽ 56 കിലോമീറ്റർ
ആണവ,ജൈവ,രാസ യുദ്ധ സാഹചര്യങ്ങളിൽ ഇതിന് പോരാടാനാകും
30 നോട്ടുകളിൽ കൂടുതൽ വേഗത കൈവരിക്കാൻ ശേഷി
നാല് ശക്തമായ ഗ്യാസ് ടർബൈനുകളാൽ പ്രവർത്തനം
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ മോചനം നേടിയതിന്റെ 60ാം വാർഷികം 2021 ഡിസംബർ 19ന് ആഘോഷിച്ച വേളയിലാണ് ഗോവയുടെ പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരത്തിന്റെ പേരിലുള്ള മോർമുഗാവോ ആദ്യമായി കടലിൽ ഇറക്കിയത്.
ഇന്ത്യൻ നേവിയുടെ ഇൻഹൗസ് ഓർഗനൈസേഷനായ വാർഷിപ്പ് ഡിസൈൻ ബ്യൂറോ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നാല് 'വിശാഖപട്ടണം' ക്ലാസ് ഡിസ്‌ട്രോയറുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് മോർമുഗാവോ.