iran

 ഓസ്കാർ നേടിയ ചിത്രത്തിലെ നായിക

ടെഹ്‌റാൻ: രാജ്യത്ത് അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ച പ്രമുഖ സിനിമാ നടിയെ അറസ്​റ്റ് ചെയ്ത് ഇറാൻ. പ്രതിഷേധങ്ങളിൽ അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പേരിൽ തരാനെ അലിദൂസ്തി എന്ന നടിയാണ് അറസ്‌റ്റിലായത്. തന്റെ വാദങ്ങളെ സാധൂരിക്കാനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ തരാനെ പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ വധശശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ നടി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തരാനെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നെങ്കിലും ഡിലീറ്റ് ചെയ്യപ്പെട്ടു. നവംബർ ആദ്യം പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിജാബില്ലാതെയുള്ള ചിത്രവും 38കാരിയായ തരാനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 2017ൽ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ നേടിയ ' ദ സെയിൽസ്മാനി "ലെ നായികയാണ് തരാനെ.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16 മുതലാണ് രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ 700ഓളം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.