
ന്യൂഡൽഹി:ബീഹാർ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ നേരിട്ടുള്ള അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഓൺ സ്പോട്ട് അന്വേഷണത്തിനായി ഒരു സംഘത്തെ നിയോഗിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. രണ്ട് ജില്ലകളിലായി വ്യാജ മദ്യം കഴിച്ച് എട്ടു പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. സരൺ ജില്ലയിൽ മാത്രം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 60 ആയെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. ഔദ്യോഗിക കണക്കായ 30 തെറ്രാണെന്നും മരണസംഖ്യ കൂടുതലാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരമാണ് ഓൺ-സ്പോട്ട് അന്വേഷവുമായുള്ള കമ്മിഷന്റെ നീക്കം.
ദുരന്തത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും എന്ത് ചികിത്സയാണ് സർക്കാർ ഇവർക്ക് നല്കുന്നതെന്നും കമ്മിഷൻ ചോദിച്ചു. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഇവർക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഏറ്രവും മികച്ച സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മിഷൻ പറഞ്ഞു.
ദുരന്തത്തിൽ വിശദാംശം നല്കാൻ ആവശ്യപ്പെട്ട് ബീഹാർ സർക്കാരിനും പൊലീസ് മേധാവിക്കും കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു.