ff

ദോഹ : ലോകം കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരു മാസത്തെ ആവേശത്തിന് ഇന്നത്തെ കലാശപ്പോരാട്ടത്തോടെ സമാപ്തിയാകും. ‌മെസിയുടെ അർജന്റീനയും എംബാപ്പയുടെ ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ലോകകപ്പ് കിരീടം ആരുയർത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഫൈനലിന്റെ പശ്ചാത്തലത്തിൽ അർജന്റീനൻ നായകൻ ലിയോണൽ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കർ. തന്റെ ജീവിതകാലത്തെ ഏറ്റവും മികച്ച ഫുട്ബാളർ മെസിയാണെന്ന് ലിനേക്കർ പറഞ്ഞു.

ഡീഗോ മറഡോണയെക്കാൾ മെസി ഒരുപടി മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. 1986 ലോകകപ്പിലെ ഗോൾ‌‌ഡൻ ബൂട്ട് ജേതാവാണ് ലിനേക്കർ. പെലെയുടെ കളി അധികം കണ്ടിട്ടില്ല. എന്നാൽ മറഡോണയുടെ കളി കാണാൻ കഴിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ മഹാനായ താരമാണെങ്കിലും മെസിയെ വ്യത്യസ്തനാക്കുന്നത് മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് തനിക്ക് സാധിക്കുന്നു എന്നതാണ്. മറഡോണയ്ക്ക് മാത്രമാണ് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ അതിത്രയും കാലം നീണ്ടുനിന്നിരുന്നില്ല എന്നും ലിനേക്കർ കൂട്ടിച്ചേർത്തു.

ലോകകപ്പിൽ മെസി ഒട്ടേറെ മികച്ച മുഹൂർത്തങ്ങൾ ഫുട്ബാൾ ലോകത്തിന് സമ്മാനിച്ചു. മെക്സിക്കോയ്ക്ക് എതിരെയുള്ള ഗോൾ,​ നെതർലൻഡ്സിന് എതിരെയുള്ള അസിസ്റ്റ്,​ സെമിഫൈനലിലെ മൂന്നാംഗോളിനായുള്ള അസിസ്റ്റ്. അദ്ദേഹത്തിന്റെ വിഷനും പാസിംഗും ഗോൾ സ്കോറിംഗുമാണ് മെസിയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ലിനേക്കർ പറഞ്ഞു.