sukhwinder

ഷിംല: ഹിമാചൽപ്രദേശ് കോൺഗ്രസിനുള്ളിൽ ചേരിപ്പോരില്ലെന്നും സംസ്ഥാനത്തെ ഒരു കോൺഗ്രസ് നിയമസഭാംഗവും ബി.ജെ.പിയിലേക്ക് കൂറുമാറില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞു. ബിജെപിയുടെ ദുർഭരണത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്.മൂന്നോ നാലോ അവകാശികളുണ്ടായിരുന്നതിനാൽ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ചെറിയ സംഘർഷം ഉണ്ടായി. തെറ്റായി എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ രാജസ്ഥാനിലേതു പോലെയുള്ള അവസ്ഥ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആദ്യ മന്ത്രിസഭാ യോഗത്തിൽ അത് അവതരിപ്പിക്കും.

മന്ത്രിസഭാ വിപുലീകരണം ഉടൻ ഉണ്ടാകുമെന്നും സുഖു പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പഴയ പെൻഷൻ പദ്ധതിയും 30 യൂണിറ്റ് സൗജന്യ വൈദ്യുതിയും 10 കോടി സ്റ്റാർട്ടപ്പ് ഫണ്ടും ഓരോ മണ്ഡലത്തിലും നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യം അഭിമുഖീകരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന വിദ്വേഷം ഇല്ലാതാക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര നടത്തുന്നത്.

പാർട്ടിയുടെ വിജയത്തിന് കാരണക്കാരായ പ്രവർത്തകരെ അഭിനന്ദിച്ച സുഖു ഫലപ്രദമായ പ്രചാരണ തന്ത്രം രൂപപ്പെടുത്തിയ പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തു. 68 അസംബ്ലി സീറ്റുകളിൽ 40 സീറ്റുകൾ നേടി ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്തതിന് ശേഷം സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ പ്രതിഭാ സിംഗ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ പിന്തള്ളിയാണ് ഹമീർപൂർ ജില്ലയിലെ നദൗനിൽ നിന്ന് നാല് തവണ എം.എൽ.എയായ സുഖുവിനെ മുഖ്യമന്ത്രിയായി പാർട്ടി തിരഞ്ഞെടുത്തത്.