
പറവൂർ: ഏഴിക്കര വീരൻപുഴയിൽ മത്സ്യ ബന്ധനത്തിന് പോയ അച്ഛനും മകളും മുങ്ങിമരിച്ചു. ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്മ്യ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ തിരത്തു നിന്ന് നൂറുമീറ്റർ അകലെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാവിലെ പുഴയിൽ ബാബുവലയിട്ടെങ്കിലും മീൻ കിട്ടിയിരുന്നില്ല. തുടർന്ന് രാത്രി ഒമ്പതരയോടെ വലയെടുക്കാൻ മകളും സഹായത്തിന് ഒപ്പം പോയി. വല വലിക്കുന്നതിനിടെ പുഴയിൽ വീണതാകാമെന്നാണ് കരുതുന്നത്. നിലവിളികേട്ട് നിരവധി പേർ പുഴയിൽ രക്ഷിക്കാനിറങ്ങി. ആദ്യം ബാബുവിനെയും പിന്നീട് നിമ്മ്യയെ കണ്ടെത്തി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവരുടെ ഫൈബർ വഞ്ചി പുഴിൽ മുങ്ങിപ്പോയി.
അപകടസമയത്ത് പുഴയിൽ വെള്ളം കൂടുതലായിരുന്നു. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മിഥുൻ മകനാണ്.