newyork

ന്യൂയോർക്ക്: ന്യൂയോർക്കിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ ഇന്ത്യൻ വംശജയായ യുവ സംരംഭക കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ലോംഗ് ഐലന്റിലെ ഡിക്സ് ഹിൽ കോട്ടേജിലുണ്ടായ തീപിടുത്തത്തിൽ മുപ്പത്തിരണ്ടുകാരിയായ തന്യ ബത്തിജയാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസി പങ്കുവെച്ച വിവരങ്ങൾ പ്രകാരം ഡിസംബർ 14-നാണ് അപകടമുണ്ടായത്.

അക്കൗണ്ടിംഗിലും ഫിനാൻസിലും എംബിഎ ബിരുദധാരിയായ ബത്തിജ കമ്മ്യൂണിറ്റി നേതാവായും പ്രവർത്തിച്ച് വരികയായിരുന്നു. ഇവർ അടുത്തിടെ ലോംഗ് ഐലന്റിലെ ബെൽ പോർട്ടിൽ ഡോനട്ട് ഷോപ്പ് ആരംഭിച്ചിരുന്നതായാണ് വിവരം. കാൾസ് സ്ട്രെയിറ്റ് പാത്തിലെ മാതാപിതാക്കളുടെ വീടിന് പുറകിലായിരുന്നു ബത്തീജ താമസിച്ച് വന്നിരുന്ന കോട്ടേജ്.

പ്രഭാത വ്യായാമത്തിനായി ബത്തിജയുടെ പിതാവ് ഗോവിന്ദ ബത്തിജ ഉണർന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബത്തിജയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ക്രിമിനൽ ഗൂഢാലോചന സാദ്ധ്യത തള്ളുന്നതായും സഫോക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് കെവിൻ ബെയ്‌റർ അറിയിച്ചു.