
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നായകനായെത്തുന്ന പഠാൻ സിനിമയെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പഠാനിലെ ആദ്യഗാനമാണ് വിവാദത്തിനിടയാക്കിയത്. ബേഷരം രംഗ് എന്ന ഗാനരംഗത്ത് ചിത്രത്തിലെ നായിക ദീപിക പദുക്കോൺ ധരിച്ച കാവിനിറമുള്ള ബിക്കിനിയുടെ പേരിലാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു, സിനിമയ്ക്കെതിരെ മുംബയ് പൊലീസ് കേസെടുക്കുകയും ചെയ്തു.
അതേസമയം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നായകൻ ഷാരൂഖ് ഖാൻ. പ്രമോഷന്റെ ഭാഗമായി നടന്ന ചോദ്യോത്തര സെഷനിൽ ഒരു ആരാധകന് ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏത് രീതിയിൽ ഉള്ള ചിത്രമാണ് പഠാൻ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആക്ഷൻ സ്വാഭാവത്തിൽ ദേശഭക്തിയുണർത്തുന്ന ചിത്രമാണ് പഠാൻ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. അതേസമയം ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി. അതൊക്കെ ചെയ്തതല്ലേ , എത്രതവണ ചെയ്യണം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.