wc-final

ദോഹ: ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കയോട് ഏറ്റ പരാജയത്തിന് പിന്നാലെ ഫിഫയ്ക്കെതിരെ പോർചുഗൽ താരങ്ങൾ ഗുരുതര ആരോപണമായിരുന്നു ഉയർത്തിയത്. തങ്ങളുടെ ടീം ലോകകപ്പിൽ പരാജയപ്പെടണം എന്ന് ആഗ്രഹിച്ച അർജന്റീനയിൽ നിന്നുള്ള റഫറിയെ കളി നിയന്ത്രിക്കാനായി നിയോഗിച്ചതിൽ അടക്കം മുതിർന്ന താരങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പോർചുഗൽ ഡിഫൻഡറായ പെപെ, ഫിഫയ്ക്ക് അർജന്റീന ചാമ്പ്യൻമാരാകുന്നതിലാണ് താത്പര്യമെന്നും അക്കാര്യത്തിൽ താൻ പന്തയം വെയ്ക്കാൻ തയ്യാറാണെന്ന് വരെ അന്ന് പറഞ്ഞിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈം കുറഞ്ഞ് പോയി എന്നതായിരുന്നു അന്നത്തെ മത്സരത്തിൽ വെറ്ററൻ ഡിഫൻഡറായ പെപെയെ ചൊടിപ്പിച്ചത്. നെതർലാന്റിനെതിരായ മത്സരത്തിൽ കൂടുതൽ അധികസമയം അനുവദിച്ചതായി അർജന്റീനിയൻ നായകൻ മെസിയും പരാതി ഉന്നയിച്ചിരുന്നു. അന്ന് ഇഞ്ചുറി ടൈമിൽ ഡച്ച് ടീം ഗോൾ നേടുകയും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീളുകയും ചെയ്തിരുന്നു.

എന്നാൽ ക്വാർട്ടറിൽ നിന്ന് സെമിയിലേയ്ക്കും അവിടെ നിന്ന് ഫൈനലിലേയ്ക്കും ഫിഫയുടെ ഒരു ആനുകൂല്യവും കൂടാതെ കളിമികവ് കൊണ്ട് തന്നെയാണ് അർജന്റീന എത്തിയത് എന്നത് ഇപ്പോൾ സംശയമില്ലാത്ത കാര്യമാണ്. മെസിയുടെയും ആൽവാരസിന്റെയും കളിമികവും ഗോൾവല നിറഞ്ഞ് കാക്കുന്ന മാർട്ടിനെസുമെല്ലാം നൽകിയ സംഭാവനകളുടെ ബലത്തിലാണ് അർജന്റീന ഫൈനൽ വരെയെത്തിയത്.

പെപെയുടേത് വൈകാരികമായ പ്രതികരണമായി മാത്രമാണ് ഫുട്ബാൾ ലോകവും കണക്കിലെടുത്തത്. ആരോപണങ്ങളെല്ലാം തന്നെ കാറ്റിൽപ്പറത്തി അർജന്റീന ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് പടയെ നേരിടുമ്പോൾ അവിടെ താരങ്ങളുടെ കളിമികവ് മാത്രമാണ് ഏക മുതൽക്കൂട്ട് എന്നാണ് ആരാധകരും വിശ്വസിക്കുന്നത്. ലോകകപ്പിൽ തോറ്റ്തുടങ്ങി ഫൈനൽ വരെയെത്തിയ അർജന്റീനയ്ക്ക് 36 വർഷങ്ങൾക്ക് ശേഷം കപ്പുയർത്താനാകുമോ എന്ന ചോദ്യത്തിന് വരും മണിക്കൂറുകളിൽ ശുഭ സൂചകമായ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.