
തൊഴിലാളി നേതാവ് ജി. കേശവൻ
വിടവാങ്ങിയിട്ട് ഇന്ന് രണ്ടുവർഷം
ബാബു ദിവാകരൻ
(തൊഴിൽ വകുപ്പ് മുൻ മന്ത്രി)
തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച ജി. കേശവൻ തൊഴിലാളി സമരങ്ങളിലെ തീക്ഷ്ണമായ അനുഭവ സമ്പത്തിനുടമയാണ്. ഡ്രെയ്നേജ് വിഭാഗത്തിൽ സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ച് ആ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സമരംചെയ്ത അദ്ദേഹം നിരവധി തവണ നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചിട്ടുണ്ട്. എൻ. ശ്രീകണ്ഠൻനായർ, ടി.കെ. ദിവാകരൻ, കെ. ബാലകൃഷ്ണൻ, കെ. പങ്കജാക്ഷൻ, കെ.സി. വാമദേവൻ, കെ. സദാനന്ദശാസ്ത്രി, കെ.എൻ. സുകുമാരൻ, ജി. വേണുഗോപാൽ തുടങ്ങിയവരോടൊപ്പം ആർ.എസ്.പിയിൽ പ്രവർത്തിച്ചു. ദീർഘകാലം തിരുവനന്തപുരത്തെ സമരങ്ങളിൽ പ്രധാനിയായിരുന്നു. യു.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചു.
1949 - 50 കാലഘട്ടത്തിലാണ് തൊഴിലാളി സംഘടനയുണ്ടാക്കിയത്. പേര് ട്രാവൻകൂർ വാട്ടർ വർക്സ് ആൻഡ് ഡ്രെയ്നേജ് വർക്കേഴ്സ് യൂണിയൻ എന്നായിരുന്നു. യൂണിയൻ പ്രസിഡന്റ് കെ. ബാലകൃഷ്ണനും. ഉദ്യോഗസ്ഥരുടെ ഭീഷണി നേരിട്ടുകൊണ്ടാണ് യൂണിയൻ ശക്തിപ്പെടുത്തിയത്. 1949-ലെ മേയ് ദിനത്തിൽ പണിമുടക്കി സൈക്കിൾ റാലി സംഘടിപ്പിക്കുകയും അന്നത്തെ തൊഴിൽ അടുത്ത ഞായറാഴ്ച ചെയ്തു ശമ്പളം വാങ്ങുകയും ചെയ്തു.
മസ്റ്റർ റോളിൽ പേരുള്ള ഓരോ തൊഴിലാളിയും റോളിൽ സ്റ്റാമ്പ് പതിച്ച് അവരുടെ ഒപ്പ് രേഖപ്പെടുത്തിയാണ് ശമ്പളം കൈപ്പറ്റേണ്ടതെന്ന യൂണിയൻ ആവശ്യം മേലുദ്യോഗസ്ഥർ അംഗീകരിക്കാതെ വന്നപ്പോൾ ശക്തമായ സമരം സംഘടിപ്പിച്ചു. അതിന്റെ ഫലമായാണ് ആവശ്യം അംഗീകരിച്ചത്. ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26, 27 തീയതികളിൽ ഡ്രെയ്നേജ് തൊഴിലാളികൾക്ക് അവധി നൽകാതെ അവരെക്കൊണ്ട് പണിയെടുപ്പിച്ചു. ഇതിനെതിരെയും സമരം നടത്തി. ഇൻസ്പെക്ടർ ദിവാകര പണിക്കരുടെ പ്രാകൃത മർദ്ദനമുറകൾ നേരിടേണ്ടിവന്നിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചു. യൂണിയന്റെ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ ജി. കേശവന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു.തൊഴിലിടത്തിൽ നിന്നും ഉയർന്നുവന്ന ആ മഹദ് വ്യക്തിയുടെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയപുഷ്പങ്ങൾ.