pak

കറാച്ചി: പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യം ശക്തമാക്കി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതിന്റെ ഭാഗമായി തന്റെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) ഭരിക്കുന്ന ഖൈബർ പഖ്തുൻഖ്വ, പഞ്ചാബ് പ്രവിശ്യാ നിയമസഭകൾ ഡിസംബർ 23 ന് പിരിച്ചുവിടുമെന്ന് ഇമ്രാൻ അറിയിച്ചു. രണ്ട് പ്രവിശ്യകളിലെയും മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇമ്രാന്റെ പ്രഖ്യാപനം. പുതിയ തിരഞ്ഞെടുപ്പിലൂടെ മാത്രമേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അഴിമതിയിൽ നിന്നും കരകയറ്റാനാകൂ എന്നും സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകൾ നടക്കണമെന്നും ഇമ്രാൻ പറഞ്ഞു. അതേ സമയം, 2023 ഓഗസ്റ്റിൽ നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തില്ലെന്നാണ് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പറയുന്നത്.