argentina

ദോഹ: ആവേശം കൊടുമുടി കയറിയ പെനാൽറ്റി ഷൂട്ടൗട്ടോളും നീണ്ട വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി ലയണൽ മെസിയുടെ അർജന്റീന മുപ്പത്തിയാറ് വ‌ർഷങ്ങൾക്ക് ശേഷം ലോകചാമ്പ്യൻമാരായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 3-3ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനൊ മാർട്ടിനസ് എന്ന ഗോൾ കീപ്പർ വീണ്ടും അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. ഫ്രാൻസിനായി കിക്കെടുത്ത് കോമാന്റെ ഷോട്ട് എമി തട്ടിയകറ്രിയപ്പോൾ ചുവാമെനിയുടെ ശ്രമം പുറത്തേക്ക് പോയി.എംബാപ്പെയ്ക്കും കോലോ മുവാനിക്കും മാത്രമാണ് ഫ്രഞ്ച് നിരയിൽ ലക്ഷ്യം കാണാനായത്. അർജന്റീനയ്ക്കായി കിക്കെടുത്തി മെസിയും ഡിബാലയും പരഡേസും മോണ്ടിയേലും കൃത്യമായി ലക്ഷ്യം കണ്ടു.

അർജന്റീനൻ പടയോട്ടവും ഫ്രാൻസിന്റെ തിരച്ചടിയും

അർജന്റീനയ്ക്കായി മെസി രണ്ട് ഗോളും ഡി മരിയ ഒരു ഗോളും നേടി. ഹാട്രിക്കുമായി തിളങ്ങിയ എംബാപ്പെയാണ് ഫ്രാൻസിനെ രണ്ട് തവണ പിന്നിൽ നിന്ന് ഒപ്പമെത്തിച്ചത്.എഴുപത്തിയൊമ്പതാം മിനിട്ടുവരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പെനാൽറ്റിയിൽ നിന്നുൾപ്പെടെ എംബാപ്പെ നേടിയ രണ്ട് ഗോളിലൂടെ ഫ്രാൻസ് നിശ്ചിത സമയത്ത് സമനില പിടിച്ചത്.

ആദ്യ പകുകതിയിൽ അർജന്റീനയുടെ സമഗ്രാധിപത്യമായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ മെസിയും സംഘവും ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ ഫ്രഞ്ച് സംഘത്തെ സമ്മതിച്ചില്ല. തുടക്കം മുതൽ അർജന്റന ആക്രമണം തുടങ്ങി. ആറാം മിനിട്ടിൽ മക് അലിസ്റ്റ‌റിന്റെ ലോംഗ് റേഞ്ചർ ഷോട്ട് കൃത്യമായ പൊസിഷനിൽ ആയിരുന്ന ഫ്രഞ്ച് ഗോളിയും നായകനുമായ ഹ്യൂഗോ ലോറിസ് മനോഹരമായി കൈയിൽ ഒതുക്കി. എട്ടാം മിനിട്ടിൽ റോഡ്രിഗോ ഡി പോളിന്റെ ഷോട്ട് വരാനെയുടെ കാലിൽ തട്ടി പുറത്തേക്ക് പോയി. ഇതിന് കിട്ടിയ കോർണർ അർജന്റീനയ്ക്ക് മുതലാക്കാനായില്ല. ഫ്രഞ്ച് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ മൊളീനയുമായി കൂട്ടിയിടിച്ച ലോറിസിന് വൈദ്യ സഹായം തേടേണ്ടി വന്നു. മത്സരത്തിൽ ആദ്യ പത്ത് മിനിട്ടിൽ ഒരാക്രമണം പോലും നടത്താൻ ഫ്രാൻസിനായില്ല. പതിമ്മൂന്നാം മിനിട്ടിലാണ് ഫ്രാൻസിന്റെ ഭാഗത്ത് നിന്ന് ആദ്യ ആക്രമണം ഉണ്ടായത്. എന്നാൽ പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ സമ്മതിക്കാതെ അർജന്റീനൻ പ്രതിരോധ നിര അത് നിർവീര്യമാക്കി. തൊട്ടുപിന്നാലെ അർജന്റീനൻ മുന്നേറ്റം ഫ്രഞ്ച് പ്രതിരോധവും തടഞ്ഞു.

17-ാം മിനിട്ടിൽ ഗോൾ നേടാനുള്ള സുവർണാവസരം അർജന്റീനയുടെ ഡി മരിയ നഷ്ടമാക്കി. പെട്ടെന്നുള്ള അറ്രാക്കിനവസാനം മെസിയുടെ പാസിൽ നിന്ന് ഡി മരിയ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് വളരെ മുകളിലൂടെ പറന്നു. 19-ാം മിനിട്ടിൽ തിയോഹെർണാണ്ടസിനെ റൊമേറൊ ഫൗൾചെയ്തതിന് ബോക്സിന്റെ വലതുഭാഗത്ത് തൊട്ടുവെളിയിൽ നിന്ന് കിട്ടിയ ഫ്രീകിക്ക് മുതലാക്കാൻ ഫ്രാൻസിനായില്ല. 22-ാം മിനിട്ടിൽ ബോക്സിലേക്ക് കട്ട് ചെയ്ത് കയറിയ ഡിമരിയയെ ഡെംബലെ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. കിക്കെടുത്ത മെസി പിഴവില്ലാത പന്ത് വലയിലാക്കി. അർജന്റീന മുന്നിൽ. 27-ാം മിനിട്ടിൽ ഫ്രാൻസിന് ബോക്സിന് തൊട്ട് വെളിയിൽ നിന്ന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫലം കണ്ടില്ല. 36-ാം മിനിട്ടിൽ മക് അലിസ്റ്ററുടെ പാസിൽ നിന്ന് ഡി മരിയ അർജന്റീനയുടെ ലീഡ് രണ്ടാക്കി. നാല്പതാം മിനിട്ടിൽ ജിറൂഡിനേയും ഡെംബലേയും പിൻവലിച്ച് മാർകസ് ടുറാമിനേയും റൻഡൽ കോലോ മുവാനിയേയും കൊണ്ടുവന്ന് അക്രമണത്തിന് മൂർച്ച കൂട്ടാൻ ഫ്രഞ്ച് കോച്ച് ദഷാംപ്സിന്റെ ശ്രമം. ഒന്നാം പകുതിയുടെ അവസാന നിമിഷം ഫ്രാൻസിന് അനുകൂലമായി വീണ്ടും ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗ്രീസ്മാന്റെ മികച്ച കിക്ക് അർജന്റീന ബോക്സിൽ കണക്ട് ചെയ്യാൻ മറ്ര് ഫ്രഞ്ച് താരങ്ങൾക്കായില്ല. ഒന്നാം പകുതിയുടെ അധിക സമയത്ത് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് മഞ്ഞക്കാർഡ് കണ്ടു. അർജന്റീനയുടെ ആക്രമണത്തോടെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. 46-ാം മിനിട്ടിൽ അർജന്റീനയുടെ ഗോൾ ശ്രമം ലോറിസ് പരാജയപ്പടുത്തി. 48-ാം മിനിട്ടിൽ ഡി മരിയയുടെ പാസിൽ നിന്ന് ഡി പോളിന്റെ സൈഡ് വോളിയ്ക്ക് മുന്നിലും ലോറിസ് വന്മതിലായി. 50-ാം മിനിട്ടിൽ ഫ്രാൻസിന് കോർണർ. ഗ്രീസ്‌മാനെടുത്ത കോർണർ അർജന്റീന ഗോളി മാർട്ടിനസ് പിടിച്ചെടുത്തു. 56-ാം മിനിട്ടിൽ ഡി പോളിനെ ഫൗൾ ചെയ്ത റാബിയോട്ട് മഞ്ഞകണ്ടു. 59-ാം മിനട്ടിൽ ഡിമരിയയുടെി ത്രൂ പാസിൽ നിന്ന് അൽവാരസിന്റെ ഗോൾ ശ്രമം ലോറിസ് ഡൈവ് ചെയ്ത് സേവ് ചെയ്തു. 64-ാം മിനിട്ടിൽ ഡി മരിയയെ പിൻവലിച്ച് സ്കലോണി അക്യുനയെ കളത്തിലിറക്കി. 66-ാം മിനിട്ടിൽ ഗ്രീസ്മാന്റെ ക്രോസ് അപകടകരമാം വിധം അർജന്റീന ഗോൾ മുഖത്തേക്ക് എത്തിയെങ്കിലും കണക്ട് ചെയ്യാൻ ആർക്കുമായില്ല. തൊട്ടുടത്ത നിമിഷം തുറാമിനെ ലക്ഷ്യമാക്കി വന്ന ഹെർണാണ്ടസിന്റെ കോർണർ വഴങ്ങി ഓട്ടോമെൻഡി രക്ഷപ്പെടുത്തി. എഴുപതാം മിനിട്ടിൽ അർജന്റീനൻ ഡിഫൻഡർമാരെ മനോഹരമായി ഡ്രിബിൾ ചെയ്ത് എംബാപ്പെ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എംബാപ്പെയുടെ മത്സരത്തിലെ ആദ്യ ഗോൾ ശ്രമം. 71-ാം മിനിട്ടിൽ ഗ്രീസ്മാനും ഹെർണാണ്ടസിനും പകരം കാമവിംഗയും കോമാനും ഫ്രാൻസിനായി കളത്തിലെത്തി. 78-ാം മിനിട്ടിൽ ഫ്രാൻസിന് ആശ്വാസമായി പെനാൽറ്റി കിട്ടുന്നു. മുവാനിയെ ബോക്സിനുള്ളിൽ ഓട്ടോമെൻഡി ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി എംബാപ്പെ ഗോളാക്കി. തൊട്ടടുത്ത നിമിഷം എംബാപ്പെ മികച്ചൊരു ഫിനിഷിലൂടെ ഫ്രാൻസ് സമനില പിടിച്ചു. രണ്ടാം പകുതിയുടെ അധികസമയത്ത് ബെഞ്ചിലിരുന്ന് ബഹളമുണ്ടാക്കിയ ഒളിവർ ജിറൂഡ് മഞ്ഞക്കാർഡ് കണ്ടു. തൊട്ടുപിന്നാലെ ലയണൽ മെസിയുടെ തീപാറും ഷോട്ട് ഹ്യൂഗോ ലോറിസ് സമർത്ഥമായി തട്ടിയകറ്റി. പിന്നാലെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമും ഉദ്വേഗജനകംഎക്സ്ട്രാ ടൈമിലെ ആദ്യപകുതിയിലെ അവസാന നിമിഷം അർജന്റീന ഗോളിനടുത്ത് എത്തിയെങ്കിലും മാർട്ടിനസിന്റെ ഷോട്ട് ഉപമെക്കാനോയും എൻസോ ഫെ‌ർണാണ്ടസിന്റെ ശ്രമം വരാനെയും തടുത്തു. തൊട്ട് പിന്നാലെ മാർട്ടിനസ് വീണ്ടുമൊരു സുവർണാവസരം നഷ്ടമാക്കി. എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയിൽ 109-ാം മിനിട്ടിൽ മെസിയിടെ ക്ലോസ് റേഞ്ച് ഗോളിലൂടെ അർജന്റീന ലീഡെടുത്തു. എന്നാൽ 118-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി എംബാപ്പെ വീണ്ടും ഫ്രാൻസിനെ ഒപ്പമെത്തിച്ചു. എക്സ്ട്രാ ടൈമിലും ഇരുടീമും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഡിമരിയ തിരിച്ചെത്തി പരിക്കിനെത്തുടർന്ന് സെമിയിലും പ്രീക്വാർട്ടറിലും കളിക്കാതിരുന്ന എയ്ഞ്ചൽ ഡിമരിയ അർജന്റീനയുടെ ഇലവനിൽ തിരിച്ചെത്തി. സെമിയിൽ ഇറങ്ങിയ പരഡേസിന് പകരമാണ് ഡി മരിയ വന്നത്. 4-3-3 ശൈലിയിലാണ് സ്കലോണി അർജന്റീനയെ ഫൈനലിൽ വിന്യസിച്ചത്. മെസിയേയും ജൂലിയൻ അൽവാരസിനെയും ഡി മരിയയേയും ആക്രണത്തിന്റെ കുന്തമുനകളാക്കി തൊട്ടുപിന്നിലായി റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക്അലിസ്റ്റർ എന്നിവർ അണിനിരന്നു. മൊളിന,ക്രിസ്റ്റ്യൻ റൊമേറൊ, ഓട്ടോമെൻഡി, തഗ്ലിയാഫിക്കോ എന്നിവർ പ്രതിരോധ നിരയിലും ക്രോസ് ബാറിന് കീഴിൽ പതിവുപോലെ എമിലിയാനൊ മാർട്ടിനസും. മറുവശത്ത് അസുഖംമൂലം സെമിയിൽ കളിക്കാതിരുന്ന അഡ്രിയാൻ റാബിയോട്ടും ഉപമെക്കാനൊയും ഫ്രാൻസിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തി. രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരുമായി 4-2-3-1 ശൈലിയിലാണ് ദിദിയർ ദെഷാംപ്സ് ഫ്രഞ്ച് പടയെ വിന്യസിച്ചത്. ഒളിവർ ജിറൂഡ് സെൻട്രൽ സ്ട്രൈക്കറായും തൊട്ടുപിന്നിലായി വിംഗുകളിൽ എംബാപ്പെയും ഡെംബലെയും മദ്ധ്യത്തിൽ ഗ്രീസ്മാനും. പ്രതിരോധനിരയ്ക്ക് തൊട്ടു മുന്നിലായി അഡ്രിയാൻ റാബിയോട്ടും ചുവാമെനിയും അണിനിരന്നു. പ്രതിരോധത്തിൽ ഹെർണാണ്ടസും ഉപമെക്കാനോയും വരാനെയും കൗണ്ടേയും ക്രോസ്ബാറിന് കീഴിൽ ക്യാപ്ടൻ ഹ്യൂഗോ ലോറിസും

ഗോളുകൾ ഇങ്ങനെ

1-0

23-ാം മിനിട്ട്

ലയണൽ മെസി (പെനാൽറ്റി)

പന്തുമായി ബോക്സിലൂടെ മുന്നേറിയ ഏൻജൽ ഡി മരിയയെ പിന്തുടർന്ന ഒസ്മാനെ ഡെബലെ പിന്നിൽനിന്ന് ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുക്കാനെത്തിയ മെസി പതറാതെ പന്ത് ഇടംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് അടിച്ചു കയറ്റിയപ്പോൾ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തെറ്റായ ദിശയിലേക്കാണ് ഡൈവ് ചെയ്തത്.

2-0

36-ാം മിനിട്ട്

ഏൻജൽ ഡി മരിയ

അർജന്റീനയുടെ തകർപ്പൻ പാസിംഗിലൂടെ പിറന്ന ഗോൾ . ഉപമെക്കാനോയിൽ നിന്ന് സംഭവിച്ച പ്രതിരോധപ്പിഴവിൽ പന്തുകിട്ടിയ മെസി കൃത്യമായി മക് അലിസ്റ്ററിന് നൽകി. പന്തുമായി മുന്നേറിയ മക് അലിസ്റ്റർ വലതുവിംഗിലൂടെ ഓടിക്കയറിയ ഡി മരിയയ്ക്ക് കണക്കുകൂട്ടി പാസ് ചെയ്തു. ഡി മരിയയുടെ സൂപ്പർ ഫിനിഷിലൂടെ അർജന്റീന ലീഡ് ഇരട്ടിയാക്കി.

2-1

80-ാം മിനിട്ട്

എംബാപ്പെ

ഓട്ടമെൻഡി കോളോ മുവാനിയെ ഫറൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി.

2-2

81-ാം മിനിട്ട്

എംബാപ്പെ

മാർക്കസ് തുറാമിൽ നിന്ന് കിട്ടിയ പാസ് തകർപ്പൻ ഫിനിഷിലൂടെ എംബാപ്പെ ഗോളാക്കി.

. 3-1

109-ാം മിനിട്ട്:

മെസി

മനോഹരമായ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലയണൽ മെസി അർജന്റീനയ്ക്ക് വീണ്ടും ലീഡ് സമ്മാനിക്കുന്നു. ലൗട്ടാരൊ മാർട്ടിനസിന്റെ തകർപ്പൻ ഷോട്ട് ലോറിസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് മെസിയുടെ ക്ലോസ്റേഞ്ച് ഷോട്ട് ഗോളാകുന്നു. മെസിയുടെ ഷോട്ട് ഉപമെക്കാനൊ തട്ടിയകറ്റിയെങ്കിലും താരവും പന്തു ഗോൾലൈനപ്പുറമായിരുന്നു.

3-3

118-ാം മിനിട്ട്

എംബാപ്പെ

എംബാപ്പെയുടെ ഷോട്ട് തടയാനുള്ള മോണ്ടിയേലിന്റെ ശ്രമം ഹാൻഡാകുന്നു. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത എംബാപ്പെ കൃത്യമായി പന്ത് വലയ്ക്കകത്താക്കി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഹാട്രിക്ക് പൂർത്തിയാക്കി എംബാപ്പെ.

26

ലോകകപ്പിൽ ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കാഡ് ലയണൽ മെസി സ്വന്തമാക്കി. ഫൈനൽ മെസിയുടെ 26-ാം ലോകകപ്പ് മത്സരമായിരുന്നു. മുൻ ജർമ്മൻ നായകൻ ലോതർമത്തേവുസിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് (25) മെസി തിരുത്തിയത്.

20

ലോറിസ് 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഗോളി എന്ന റെക്കാഡ് ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് സ്വന്തമാക്കി. ഫൈനൽ ലോറിസിന്റെ ഇരുപതാം മത്സരമായിരുന്നു. ജർമ്മൻ ക്യാപ്ടൻ മാനുവൽ ന്യൂയറിന്റെ 19 മത്സരങ്ങളുടെ റെക്കാഡാണ് ലോറിസ് പഴങ്കഥയാക്കിയത്.

3

അർജന്റീനയുടെ മൂന്നാം ലോകകപ്പ്. 1978,1986 വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ലോകകപ്പ് നേടിയത്.

1966ന് ശേഷം ലോകകപ്പിൽ ഹാട്രക് നേടുന്ന ആദ്യ താരമായി എംബാപ്പെ.