pak

കറാച്ചി : പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പുതുതായി നിർമ്മിച്ച പൊലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ലാഖി മർവാത് മേഖലയിലെ ബർഗായി പൊലീസ് സ്റ്റേഷനിൽ ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.

പൊലീസും തിരിച്ചു വെടിവയ്പ് നടത്തിയതോടെ തീവ്രവാദികൾ ഇവിടെ നിന്ന് കടന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാകിസ്ഥാനി താലിബാനായിരിക്കാം പിന്നിലെന്ന് കരുതുന്നു. ഇവർ ഇതിന് മുമ്പും മേഖലയിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.