
ഹൈദരാബാദ്: മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് കുടിയേറിയവർക്ക് പ്രാധാന്യം ലഭിച്ചുവെന്ന ചില മുതിർന്ന നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച് 13 പി.സി.സി അംഗങ്ങൾ ഇന്നലെ രാജി വച്ചതോടെ തെലങ്കാന കോൺഗ്രസിൽ തർക്കം രൂക്ഷമായി. ദനസാരി അനസൂയ എം.എൽ.എ , മുൻ എം.എൽ.എ വെം നരേന്ദർ റെഡ്ഡി എന്നിവരും രാജിവച്ചവരിലുണ്ട്.
കോൺഗ്രസിലെ കുടിയേറ്റക്കാർ യഥാർത്ഥ പ്രവർത്തകർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജനരസിംഹ ശനിയാഴ്ച ചോദിച്ചിരുന്നു. മുൻ ടി.ഡി.പി അംഗങ്ങളെ ഉദ്ദേശിച്ചായിരുന്നു രാജനരസിംഹയുടെ പ്രസ്താവന. മല്ലു ഭട്ടി വിക്രമാർക്ക, എൻ. ഉത്തം കുമാർ റെഡ്ഡി എം.പി, മുൻ എം.പി മധു യാഷ്‌കി ഗൗഡ്, ടി. ജയപ്രകാശ് റെഡ്ഡി എം.എൽ.എ എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനും എം.പിയുമായ എ. രേവന്ത് റെഡ്ഡിയുമായുള്ള തകർക്കമാണ് രാജനരസിംഹ പരസ്യമാക്കിയത്.