
ലോസ്ആഞ്ചലസ് : കാലിഫോർണിയയിലെ ലോസ്ആഞ്ചലസിലുള്ള ഹോളിവുഡ് ഹിൽസിനെ വിറപ്പിച്ച ' ബ്രാഡ് പിറ്റ് " എന്ന മൗണ്ടൻ ലയണെ ദയാവധത്തിന് വിധേയമാക്കി. ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന്റെ പേരിൽ അറിയപ്പെട്ട ഈ മൗണ്ടൻ ലയണിന് നൽകിയ ഔദ്യോഗിക നാമം പി - 22 എന്നാണ്.
കാഴ്ചയിലെ ഭംഗി കണക്കിലെടുത്ത് ലഭിച്ച ഓമനപ്പേരാണ് ബ്രാഡ് പിറ്റ്. ഡിസംബർ 12നാണ് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് അധികൃതർ പി - 22 വിനെ മയക്കുമരുന്ന് കുത്തിവച്ച് പിടികൂടിയത്. തുടർന്ന് മൃഗസംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പി - 22 വിനെ ശനിയാഴ്ചയാണ് ദയാവധത്തിന് വിധേയമാക്കിയത്.
12 വയസ് പ്രായമുണ്ടായിരുന്ന പി - 22 പ്രായാധിക്യം മൂലം അതീവ അവശനിലയിലെത്തിയോടെയാണ് ദയാവധത്തിന് വിധേയമാക്കിയതെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു. വനത്തിൽ ജീവിക്കുന്ന മൗണ്ടൻ ലയണുകളുടെ ശരാശരി ആയുസ് പത്ത് വർഷമാണ്.
ദയാവധത്തിന് മുന്നേ നടത്തിയ പരിശോധനകളിൽ പി - 22വിന്റെ തലയ്ക്ക് കാര്യമായ ക്ഷതം കണ്ടെത്തിയിരുന്നു. മുന്നേ ഏതെങ്കിലും വാഹനം ഇടിച്ചതിലൂടെയാകാം ഇതുണ്ടായതെന്ന് കരുതുന്നു. കൂടാതെ വലത് കണ്ണിലും ആന്തരികാവയവങ്ങളിലും ക്ഷതം കണ്ടെത്തി. ഗുരുതരമായ വൃക്ക രോഗവും പി - 22വിന് ഉണ്ടായിരുന്നു.
അധികൃതരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ പി - 22 കഴിഞ്ഞ മാസം ഹോളിവുഡ് ഹിൽസിൽ ചിഹ്വാഹ്വ ഇനത്തിലെ ഒരു വളർത്തുനായയെ കൊന്നിരുന്നു. ഹോളിവുഡ് ഹിൽസിൽ മുമ്പും ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിനടന്നിട്ടുണ്ടെങ്കിലും സ്വഭാവം അക്രമാസക്തമായത് പരിഗണിച്ചാണ് പി - 22വിനെ അധികൃതർ പിടികൂടിയത്.