
ദോഹ : ഫൈനൽ ആവേശം എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ എംബാപ്പെയുടെ ഹാട്രിക്കിലൂടെ ഫ്രാൻസ് അർജന്റീനയ്ക്കൊപ്പമെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിലായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു, എക്സ്ട്രാ ടൈമിൽ മെസിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും എംബാപ്പെയിലൂടെ ഫ്രാൻസ് ഒപ്പമെത്തുകയായിരുന്നു.
23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലയണൽ മെസിയും 36-ാം മിനിട്ടിൽ ഏൻജൽ ഡി മരിയയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ ആറു ഗോളുകളുമായി മെസി ലോകകപ്പിലെ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
23-ാം മിനിട്ടിൽ പന്തുമായി ബോക്സിലൂടെ മുന്നേറിയ ഏൻജൽ ഡി മരിയയെ പിന്തുടർന്ന ഒസ്മാനെ ഡെബലെ പിന്നിൽനിന്ന് ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുക്കാനെത്തിയ മെസി പതറാതെ പന്ത് ഇടംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് അടിച്ചു കയറ്റിയപ്പോൾ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തെറ്റായ ദിശയിലേക്കാണ് ഡൈവ് ചെയ്തത്.
36-ാം മിനിട്ടിൽ അർജന്റീനയുടെ തകർപ്പൻ പാസിംഗിലൂടെ പിറന്ന ഗോൾ . ഉപമെക്കാനോയിൽ നിന്ന് സംഭവിച്ച പ്രതിരോധപ്പിഴവിൽ പന്തുകിട്ടിയ മെസി കൃത്യമായി മക് അലിസ്റ്ററിന് നൽകി. പന്തുമായി മുന്നേറിയ മക് അലിസ്റ്റർ വലതുവിംഗിലൂടെ ഓടിക്കയറിയ ഡി മരിയയ്ക്ക് കണക്കുകൂട്ടി പാസ് ചെയ്തു. ഡി മരിയയുടെ സൂപ്പർ ഫിനിഷിലൂടെ അർജന്റീന ലീഡ് ഇരട്ടിയാക്കി.