christmas

ലണ്ടൻ : ക്രിസ്മസ് മധുരങ്ങളുടെ ആഘോഷം കൂടിയാണ്. വിവിധ തരം കേക്കുകൾ, വൈൻ, മധുര പലഹാരങ്ങൾ, മിഠായികൾ ഇങ്ങനെ നീളുന്നു ക്രിസ്മസ് സീസണിൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന വിഭവങ്ങൾ. ലോകത്തിന് പ്രിയപ്പെട്ട രണ്ട് ക്രിസ്മസ് വിഭവങ്ങളെ ഒന്ന് അടുത്തറിഞ്ഞാലോ...

 ക്രിസ്മസ് പുഡിംഗ്

ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വിളമ്പുന്ന പുഡിംഗ് ആണ് ഇത്. മദ്ധ്യകാലഘട്ട ഇംഗ്ലണ്ടിൽ ഉടലെടുത്ത ക്രിസ്മസ് പുഡിംഗിന് ' പ്ലം പുഡിംഗ് ' എന്നും പേരുണ്ട്. പേരിൽ പ്ലം ഉണ്ടെങ്കിലും ശരിക്കും ഉണക്ക മുന്തിരികളാണ് ക്രിസ്മസ് പുഡിംഗിലുള്ളത്. വിക്ടോറിയൻ കാലഘട്ടത്തിന് മുമ്പ് ഇംഗ്ലണ്ടിൽ ഉണക്കമുന്തിരിയ്ക്ക് ' പ്ലം ' എന്നും ഉപയോഗിച്ചിരുന്നു.

13 ചേരുവകളുപയോഗിച്ചാണ് പ്ലം പുഡിംഗ് ഉണ്ടാക്കുന്നത്. യേശുവിനെയും 12 ശിഷ്യന്മാരെയുമാണ് ഈ ചേരുവകൾ പ്രതിനിധീകരിക്കുന്നത്. ക്രിസ്മസ് പുഡിംഗിനുള്ളിൽ നാണയം ഒളിപ്പിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. ഈ നാണയമടങ്ങുന്ന പുഡിംഗിന്റെ ഭാഗം ലഭിക്കുന്നവരെ തേടി പുതുവർഷത്തിൽ ഭാഗ്യമെത്തുമെന്നാണ് വിശ്വാസം.

 ബ്രിട്ടീഷ് ഷെഫായ മാർട്ടിൻ ഷിഫേഴ്സ് 2013ൽ ലോകത്തെ ഏറ്റവും വിലയേറിയ ക്രിസ്മസ് പുഡിംഗ് തയാറാക്കിയിരുന്നു. 10,890 പൗണ്ട് വിലയുള്ള കോന്യാക് ചേർത്ത് തയാറാക്കിയ ഈ പുഡിംഗിൽ ലോകത്തെ ഏറ്റവും മികച്ച ഈന്തപ്പഴങ്ങളും ബദാമും മറ്റ് പഴങ്ങളും നട്സുകളും ചേർത്തിരുന്നു. 23,500 പൗണ്ടായിരുന്നു ഈ പുഡിംഗിന്റെ വില.

 ക്രിസ്മസ് കേക്ക്

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ക്രിസ്മസ് കേക്ക്. നമ്മുടെ നാട്ടിലും ക്രിസ്മസ് എത്തിയാൽ പ്ലം കേക്കുകൾ വിപണിയിലെ താരങ്ങളാണ്. 16ാം നൂറ്റാണ്ടിന് മുന്നേ തന്നെ ക്രിസ്മസ് കേക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. പ്ലമ്മിൽ തുടങ്ങി പിന്നീട് ഓട്സ്, വെണ്ണ തുടങ്ങിയ വിവിധ പദാർത്ഥങ്ങളും ക്രിസ്മസ് കേക്കിൽ ഇടംനേടി. പഴയ കാല ക്ലാസിക് ഫ്രൂട്ട് കേക്കിൽ നിന്ന് നിരവധി മാറ്റങ്ങൾ ക്രീം ചേർത്തതും അല്ലാത്തതുമായ ഇന്നത്തെ ക്രിസ്മസ് കേക്കിൽ പ്രകടമാണ്.

 ലോകത്തെ ഏറ്റവും വിലയേറിയ ക്രിസ്മസ് കേക്ക് എന്ന റെക്കോഡ് ജപ്പാനിലെ ടോക്കിയോയിലുള്ള ടകാഷിമായ ഡിപ്പാർട്ട്മെന്റ് ഷോപ്പിംഗ് സെന്ററിലെ ബേക്കറിക്കാണ്. ബ്രിട്ടീഷ് ക്രിസ്മസ് കേക്കിൽ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് സ്റ്റൈലിൽ സ്ട്രോബെറികൾ കൊണ്ടാണ് ഈ കേക്ക് തയാറാക്കിയത്. വിപ്പഡ് ക്രീം, മിൽക്ക് സ്പോഞ്ച് എന്നിവയും കേക്കിൽ ചേർത്തിരിക്കുന്നു. എന്നാൽ ഈ കേക്കിന്റെ ഏറ്റവും വലിയ പ്രത്യേക എന്തെന്നാൽ 223 ഡയമണ്ടുകൾ ഈ കേക്കിൽ പതിപ്പിച്ചിരുന്നു എന്നതാണ്. ഇവയ്ക്ക് ആകെ 170 കാരറ്റ് ഭാരമുണ്ടായിരുന്നു. ആറ് മാസം കൊണ്ട് ഡിസൈൻ ചെയ്തെടുത്ത ' ഡയമണ്ട് ഫ്രൂട്ട് കേക്ക് " എന്നറിയപ്പെടുന്ന ഈ കേക്ക് തയാറാക്കാൻ ഒരു മാസം വേണ്ടി വന്നു. ഇനി വില അറിയേണ്ടേ ? 16,18,429 ഡോളർ.!