
മോസ്കോ : യുക്രെയിനിൽ മുൻനിരയിൽ പോരാട്ടം നടത്തുന്ന തങ്ങളുടെ സൈനികർക്ക് മനോവീര്യം വർദ്ധിപ്പിക്കാൻ സംഗീതജ്ഞരെ അയക്കാൻ തീരുമാനിച്ച് റഷ്യ. മുൻനിര പോരാട്ടങ്ങൾ തുടരുന്ന ഇടങ്ങളിലേക്ക് ' ക്രിയേറ്റീവ് ബ്രിഗേഡി"നെ ഉടൻ തന്നെ അയക്കുമെന്നും ഗായകരും സംഗീതോപകരണ വിദഗ്ദ്ധരും സംഘത്തിലുണ്ടാകുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഗീത ഉപകരണങ്ങൾ ആർമിയ്ക്ക് സംഭാവന ചെയ്യാൻ ആളുകളോട് അഭ്യർത്ഥിക്കുന്ന കാമ്പെയിൻ റഷ്യയിൽ നടന്നെന്ന് യു.കെ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അതേ സമയം, സൈന്യത്തിലെ ആൾനാശം, ശമ്പള പ്രശ്നങ്ങൾ, ആയുധങ്ങളുടെ അഭാവം, നേതൃത്വത്തിന്റെ പരാജയം, യുദ്ധത്തിന്റെ ലക്ഷ്യത്തെ പറ്റിയുള്ള അവ്യക്തത തുടങ്ങിയവയിൽ നിന്ന് സൈനികരുടെ ശ്രദ്ധതിരിക്കാനാണ് സംഗീത സംഘത്തെ അയക്കുന്നതെന്നും ആരോപണമുണ്ട്. അതിനിടെ, യുക്രെയിനിലെ യുദ്ധമുഖത്തുള്ള തങ്ങളുടെ സൈനികരെ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു സന്ദർശിച്ചെന്ന് റഷ്യ അറിയിച്ചു.