
ന്യൂഡൽഹി: അടുത്ത ആഴ്ച ഡൽഹിയിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടൻ കമൽഹാസൻ പങ്കെടുക്കും. ഡിസംബർ 24ന് അദ്ദേഹം യാത്രയിൽ ചേരും. അദ്ദേഹത്തെ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചതായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടി മക്കൾ നീതി മയ്യം അറിയിച്ചു.
ഡൽഹിയിലെ പര്യടന ശേഷം എട്ട് ദിവസം കഴിഞ്ഞ് ഉത്തർപ്രദേശിലും തുടർന്ന് ഹരിയാനയിലും യാത്ര നടക്കും. അവിടെ നിന്നും പഞ്ചാബിൽ പ്രവേശിക്കുന്ന യാത്ര അടുത്ത മാസം ജമ്മു കാശ്മീരിൽ അവസാനിക്കും.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച യാത്ര വെള്ളിയാഴ്ച 100 ദിവസം പൂർത്തിയാക്കിയിരുന്നു. വിജയമെന്ന് കോൺഗ്രസ് വിലയിരുത്തുന്ന യാത്ര 100 ദിവസം പൂർത്തിയായത് പ്രമാണിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗായിക സുനിധി ചൗഹാനുൾപ്പെടെയുള്ളവരുടെ സംഗീത കച്ചേരി നടന്നു.മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ബുധനാഴ്ച രാജസ്ഥാനിലെ സവായ് മധോപൂരിൽ വെച്ച് യാത്രയിൽ പങ്കെടുക്കുകയും . രാഹുൽ ഗാന്ധിയമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.