utama

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) ഇരുപത്തിയേഴാം എഡിഷന് തിരശീല വീണു. ഇക്കുറിയും മുടക്കമില്ലാതെ ചകോരപക്ഷി പറന്നിറങ്ങുകയും സുവർണ നിമിഷങ്ങൾ സമ്മാനിച്ച് മടങ്ങുകയും ചെയ്തു. കൊവിഡിനുശേഷം മുഖംമൂടിയില്ലാതെ ചലച്ചിത്രാസ്വാദകർ ആഘോഷത്തിമിർപ്പിൽ ആറാടിയ മേളയായിരുന്നു ഇത്. ആയിരം രൂപ നൽകി വാങ്ങിയ ഡെലിഗേറ്റ് കാർഡ് ഉയർത്തിക്കാട്ടി അവർ ഒരേയൊരു വേദിയിലെ പ്രതിഷേധിച്ചുള്ളൂ. റിസർവ് ചെയ്തിട്ടുപോലും തിയറ്ററിനുള്ളിൽ കയറാൻ കഴിയാതെ വന്നപ്പോഴായിരുന്നു അത്. ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവവും (ഇഫി) ആയി താരതമ്യപ്പെടുത്തുമ്പോൾ ഐ.എഫ്.എഫ്.കെയുടെ വ്യത്യാസം ഇതൊരു ജനകീയ മേളയാണെന്നതാണ്. ഗോവയിൽ ചലച്ചിത്രോത്സവം കാണാൻ പോകുന്നവർ പറയുന്ന ഒരു കാര്യമുണ്ട്. അവിടെ സമാധാനത്തോടെ ഇരുന്നു പടം കാണാം. റിസർവ് ചെയ്താൽ ഉറപ്പായും സീറ്റുണ്ടാകും. അതിനൊരു കാരണമുണ്ട്, പനാജിയിലെ ഐനോക്സ് തീയറ്റർ സമുച്ചയം ഒറ്റ കോമ്പൗണ്ടിലാണ്. അവിടെ നാലു തീയറ്ററുകളുണ്ട്. പ്രതിനിധികളെ ഉൾക്കൊള്ളാൻ എല്ലാ സൗകര്യങ്ങളുമുണ്ട്. പനാജിക്കു പുറമെ അൽപ്പം ദൂരെയുള്ള പോർവാറിമിലും ഐനോക്സ് തീയറ്ററുകൾ ഉണ്ട്. അവിടെപ്പോയും വേണമെങ്കിൽ ചലച്ചിത്രോത്സവ സിനിമകൾ കാണാം.

ഐ.എഫ്.എഫ്.കെയിലാകട്ടെ തലസ്ഥാനത്തെ 15 വേദികളിലാണ് സിനിമകൾ പ്രദർശിപ്പിച്ചത്. മുഖ്യവേദിയാകട്ടെ ടാഗോറും. നേരത്തെ മുഖ്യവേദി കൈരളി തീയറ്ററായിരുന്നു. ചലച്ചിത്രോത്സവം തുടങ്ങിയ കാലം മുതൽ ഉദ്ഘാടന -സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന അധികാരികൾ ഐ.എഫ്.എഫ്.കെയ്ക്കൊരു ഫെസ്റ്റിവൽ കോംപ്ളക്സ് നിർമ്മിക്കുമെന്ന് പറയുന്നു. ജാള്യത കൊണ്ടാണോ എന്തോ? ഈ വർഷം ആരും അതേക്കുറിച്ചു മിണ്ടിയതായി കേട്ടില്ല. കഷ്ടമാണ് സർ... മാറിമാറി വന്ന സർക്കാരുകൾക്ക് ഇരുപത്തിയേഴു വർഷമായിട്ടും സ്ഥലം കണ്ടെത്തി ഒരു ഫെസ്റ്റിവൽ കോംപ്ളക്സ് നിർമ്മിക്കാൻ കഴിഞ്ഞില്ലെന്നത് ഖേദകരമല്ലേ. സർക്കാർ വിചാരിച്ചാൽ നടക്കാത്ത കാര്യമാണോ ഇത്?

ചലച്ചിത്രപ്രേമികളായ സാംസ്ക്കാരിക മന്ത്രിമാർ നമുക്കുണ്ടായിട്ടും അക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സർക്കാരിനുവേണ്ടി പ്രവർത്തിക്കേണ്ടത് സാംസ്‌കാരിക വകുപ്പാണ്. ബീനാ പോൾ ഫെസ്റ്റിവിലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായി പ്രവർത്തിക്കുമ്പോൾ ' അവർ എത്രവർഷമായി ഒരേ കസേരയിൽ ഇരിക്കുന്നു. ഇനിയും മാറ്റാറായില്ലേ ?' എന്ന് ചോദിച്ചവരുണ്ട്. സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്കസേരയിലും വർഷങ്ങളായി ഒരേ ആൾതന്നെയാണ് ഇരിക്കുന്നത്. മറ്റു ഉത്തരവാദിത്വങ്ങൾ കൂടിയുള്ളതിനാലാകും ഒരുപക്ഷേ അവർക്ക് കാര്യക്ഷമമായി ഫെസ്റ്റിവൽ കോംപ്ളക്സിന്റെ ഫയലുകൾ നീക്കാൻ കഴിയാത്തത്. പ്രഗത്ഭയായ ഉദ്യോഗസ്ഥയാണവർ. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. രാഷ്ട്രീയനേതൃത്വം കൂടി വിചാരിക്കേണ്ടേ?

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാംസ്‌കാരികവകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന മന്ത്രി എ.കെ.ബാലൻ ആവർത്തിച്ചു പറഞ്ഞൊരു കാര്യമുണ്ട്. മലയാള സിനിമയുടെ പിതാവായി വിശേഷിപ്പിക്കുന്ന ജെ.സി.ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന്. പക്ഷേ ഇനിയും ഒരു ചലനവും ഉണ്ടായിട്ടില്ല. ജീവിതം സിനിമയ്ക്കായി സമർപ്പിച്ച വലിയ മനുഷ്യന്റെ പ്രതിമയ്ക്കായി, അദ്ദേഹത്തിന്റെ പ്രായം ചെന്ന മകൻ ഹാരിസ് ഡാനിയേലും ബന്ധുവായ പ്രൊഫസർ ജയന്തിയും ആർക്കെല്ലാം നിവേദനങ്ങൾ നൽകി. ഒന്നും നടന്നില്ല. അമ്പതുലക്ഷം രൂപ അനുവദിച്ചെന്നും ചലച്ചിത്രവികസന കോർപ്പറേഷനാണ് ചുമതലയെന്നുമാണ് ഇക്കാര്യത്തിൽ ഒടുവിൽ കേട്ടത്. ഫെസ്റ്റിവൽ കോംപ്ളക്സ് ഉണ്ടായാലുള്ള പ്രത്യേകത പാസ് നൽകുന്നവരെയെല്ലാം ഉൾക്കൊള്ളാൻ കഴിയുമെന്നതാണ്. അടുത്തഫെസ്റ്റിവലിന് ഇനി ഒരുവർഷം ഉണ്ട്. സർക്കാർ മനസുവച്ചാൽ നടക്കാത്ത കാര്യമുണ്ടോ?

ഇത്തവണത്തെ മേള എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ മികച്ചതായിരുന്നു എന്ന് ഒറ്റവാക്കിൽ ഉത്തരം നൽകാം. ഒരു മേളയെ വിജയമാക്കുന്നത് അവിടെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ സെലക്ഷനാണ്. പരിചയ സമ്പന്നയായ ബീനാ പോൾ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ ചിത്രങ്ങളുടെ സെലക്ഷൻ എങ്ങനെയാകുമെന്ന് ഡെലിഗേറ്റുകൾക്ക് ഉത്‌കണ്ഠയുണ്ടായിരുന്നു. എന്നാൽ പകരം ആർട്ടിസ്റ്റിക് ഡയറക്ടറായി വന്ന ദീപിക സുശീലൻ തന്റെ പാടവം തെളിയിച്ചു. ഈ മേള ഇത്രയും വിജയമായത് ചലച്ചിത്രങ്ങളുടെ വൈവിദ്ധ്യം കൊണ്ടായിരുന്നു. അതിന്റെ മുഴുവൻ ക്രെഡിറ്റും ദീപികയ്ക്കുള്ളതാണ്. സമീപകാലത്തൊന്നും ഇത്രയും മികച്ച പാക്കേജ് ഉണ്ടായിട്ടില്ല. ദീപികയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കിയ സാംസ്‌കാരികവകുപ്പു മന്ത്രി വി.എൻ.വാസവനും അക്കാഡമി ചെയർമാനും പ്രശസ്ത സംവിധായകനുമായ ര‌‌ഞ്ജിത്തിനും സെക്രട്ടറി അജോയിയുടെ നേതൃത്വത്തിലുള്ള ടീമിനും ഈ വിജയത്തിന്റെ പങ്ക് നിശ്ചയമായും അവകാശപ്പെട്ടതാണ്.

ചലച്ചിത്രോത്സവങ്ങൾ ഉത്സവാഘോഷങ്ങളാക്കണോ എന്ന് ചോദിക്കുന്നവരുണ്ട്. തിയറ്ററിൽ കാണുന്ന സിനിമയല്ലേ യഥാർത്ഥ ഉത്സവമെന്നാണ് അവർ ചോദിക്കുന്നത്. ഐ.എഫ്.എഫ്.കെയിലാകട്ടെ തിയറ്ററിനകത്തും പുറത്തും ഒരുപോലെ ആഘോഷമാണ്. പുറത്തെ ആഘോഷം ചിലപ്പോൾ അകത്തെ സിനിമയുടെ പകിട്ടിനെ വിഴുങ്ങുമോയെന്നു സംശയിക്കുന്നവരുമുണ്ട്. പക്ഷേ ഇനി ഈ മേളയെ പിടിച്ചാൽ കിട്ടില്ല. യുവത അതേറ്റെടുത്തുകഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ,കൂട്ടുകാർക്കൊപ്പം ആടിപ്പാടി ,ഇഷ്ടമുള്ള വസ്ത്രങ്ങളണിഞ്ഞ് അവർ ആഘോഷിക്കുകയാണ്. സൗഹൃദത്തിന്റെ അതിരുകളില്ലാത്ത സ്നേഹവും സാഹോദര്യവും പ്രണയവും എല്ലാമായാണ് അവർ സിനിമ കാണാൻ ഒത്തുകൂടുന്നത്. സമത്വപൂർണമായ ലോകം സിനിമയിൽ മാത്രമാകുമ്പോൾ പുറത്ത് കുറേ ദിനങ്ങളിലെങ്കിലും അവർ ആ സൗഹൃദക്കാറ്റിൽ പറക്കട്ടെ. അതിലെന്താണ് തെറ്റ്?. സദാചാരപ്പൊലീസുകാർ നെറ്റി ചുളിക്കേണ്ടതുമില്ല.

വാൽക്കഷണം: മികച്ച ചിത്രത്തിന് നമ്മൾ നൽകുന്നത് സുവർണ ചകോരമാണ് . അത് വെനീസ് ചലച്ചിത്രോത്സവത്തിലെ ഗോൾഡൻ ലയൺ പോലെയോ, ബെർലിൻ ഫെസ്റ്റിവലിലെ ഗോൾഡൻ ബെയർ പോലെയോ ഗോൾഡൻ ഡോഗ് എന്നാക്കി കൂടെ എന്ന് ഒരു പ്രേക്ഷകൻ ചോദിച്ചു. ആലോചിക്കാവുന്നതാണ്.