rohan-prem

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന കേരള താരമാകാൻ രോഹൻ പ്രേം

തിരുവനന്തപുരം : ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിനായി പാഡണിയുമ്പോൾ ഒരു ചരിത്രനേട്ടമാണ് മലയാളി ക്രിക്കറ്റർ രോഹൻ പ്രേമിനെ കാത്തിരിക്കുന്നത്;രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡ്.88 രഞ്ജി മത്സരങ്ങളിൽ കേരളത്തിന്റെ കുപ്പായമണിഞ്ഞ മുൻ നായകനും ഇപ്പോൾ അന്താരാഷ്ട്ര അമ്പയറുമായ കെ.എൻ അനന്തപത്മനാഭന്റെ റെക്കാഡാണ് രോഹൻ ഇന്ന് മറികടക്കുക.

കഴിഞ്ഞയാഴ്ച ജാർഖണ്ഡിനെതിരായ ഈ സീസണിലെ ആദ്യ രഞ്ജി മത്സരത്തിൽ ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിംഗ്സുകളിലും അർദ്ധസെഞ്ച്വറി (79&74)നേടിയ താരമാണ് രോഹൻ. 2005 ഡിസംബർ ഒൻപതിന് തന്റെ 19-ാം വയസിൽ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണ് രോഹൻ തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയത്. 36-ാം വയസിൽ 89-ാമത് രഞ്ജി മത്സരത്തിനിറങ്ങുമ്പോഴും അതേ വേദി, അതേ എതിരാളികൾ എന്ന കൗതുകമുണ്ട്.ആദ്യ മത്സരത്തിൽ 42 റൺസാണ് രോഹൻ നേടിയിരുന്നത്. അന്ന് രാജസ്ഥാനെ നയിച്ചത് അന്താരാഷ്ട്ര താരമായിരുന്ന അജയ് ജഡേജയായിരുന്നു. കേരളത്തെ ശ്രീകുമാരൻ നായരും. അന്ന് കേരളത്തിന്റെ ഓപ്പണിംഗ് ബൗളറായിരുന്ന ടിനു യോഹന്നൻ ഇന്ന് കോച്ചിന്റെ റോളിലാണ്.

17 വർഷം നീണ്ട കരിയറിൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ കേരളം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ എന്ന പേരാണ് രോഹൻ നേടിയെടുത്തത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇന്നിംഗ്സിന്റെ വേഗം കൂട്ടാനും കുറയ്ക്കാനും കഴിവുള്ള ബാറ്ററാണ് രോഹൻ. ബൗളർമാർക്ക് മേൽക്കോയ്മയുള്ള പിച്ചുകളിൽ വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാനും വേഗത്തിൽ സ്കോർ ചെയ്യേണ്ടപ്പോൾ മികച്ച സ്ട്രോക്ക് പ്ളേ കാഴ്ചവയ്ക്കാനും ഈ ഇടംകയ്യൻ ബാറ്റർക്ക് കഴിയുമെന്ന് കഴിഞ്ഞയാഴ്ചത്തെ ജാർഖണ്ഡിനെതിരായ മത്സരവും കാട്ടിത്തന്നു.റാഞ്ചിയിൽ ആദ്യ ഇന്നിംഗ്സിൽ 201പന്തുകളിൽ നിന്ന് 79 റൺസ് നേടി ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച് നങ്കൂരമിട്ട രോഹൻ വേഗത്തിൽ സ്കോർ ഉയർത്തേണ്ട രണ്ടാം ഇന്നിംഗ്സിൽ 74 റൺസ് നേടാൻ എടുത്തത് 86 പന്തുകൾ മാത്രവും.

കൊവിഡ് കാലമുൾപ്പടെയുള്ള പ്രതികൂലഘടങ്ങൾ വരുത്തിയ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹൻ ഈ സീസണിൽ കേരളത്തിനായി കളിക്കാനിറങ്ങിയത്. മുൻ സഹതാരവും ഇപ്പോൾ പരിശീലകനുമായ റെയ്ഫി വിൻസന്റ് ഗോമസിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും പിന്തുണയാണ് തിരിച്ചുവരവിനുള്ള ആത്മവിശ്വാസം രോഹന് നൽകിയത്. മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ളബിനായി കളിക്കുന്ന രോഹൻ ആക്കുളത്ത് ബെല്ലിൻടർഫ് ഗ്രൗണ്ടിലാണ് പരിശീലിക്കുന്നത്.

സുനിൽ ഗാവസ്കറുടെ ആരാധകനായ അച്ഛൻ പ്രേം ബാസിനാണ് മകന് ഗാവസ്കറുടെ മകന്റെ പേര് നൽകിയത്. രോഹന് നാലുവയസുള്ളപ്പോൾ കൊച്ചിയിലെത്തിയ ഗാവസ്കറെ കാണാൻ പ്രേം മകനൊപ്പം പോയിരുന്നു. ജാക്ളിൻ വിൽഫ്രഡാണ് അമ്മ. ഭാര്യ അഞ്ജുവിനും പെൺമക്കൾ ഇഷിതയ്ക്കും റിതികയ്ക്കുമൊപ്പം തിരുവനന്തപുരം കണ്ണമ്മൂല ഐശ്വര്യയിലാണ് താമസം.

രോഹിതിന്റെ റൂംമേറ്റ്

അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇന്നത്തെ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം റൂം ഷെയർ ചെയ്ത രോഹന് പക്ഷേ നിർഭാഗ്യത്താൽ ഇന്ത്യൻ ടീമിലേക്ക് എത്താനായില്ല.

രോഹന്റെ നേട്ടങ്ങൾ

അണ്ടർ 13 തലം മുതൽ എല്ലാ ഏജ് കാറ്റഗറിയിലും കേരളത്തിനായി കളിക്കുകയും നയിക്കുകയും ചെയ്തു.

എല്ലാ ഏജ് കാറ്റഗറിയിലും സെഞ്ച്വറി നേടി .

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കേരള താരം

രഞ്ജിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കേരള താരം

അണ്ടർ -19 ഇന്ത്യ ടീമിലും ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിനും കളിച്ചു.

ട്വന്റി-20 ഫോർമാറ്റിൽ കേരളത്തിനായി 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ.

5000

രഞ്ജി ട്രോഫിയിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള ക്രിക്കറ്ററാകാൻ രോഹന് ഇനി 109 റൺസ് കൂടി നേടിയാൽ മതി. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 5000ത്തിലെത്താൻ വേണ്ടത് 26 റൺസ് കൂടി മാത്രം.

കരിയർ കണക്കുകൾ

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ്

91 മത്സരങ്ങൾ

4974 റൺസ്

ഉയർന്ന സ്കോർ 208

സെഞ്ച്വറി 12

അർദ്ധ സെഞ്ച്വറി 23

53 വിക്കറ്റുകൾ

രഞ്ജി ട്രോഫി ക്രിക്കറ്റ്

88 മത്സരങ്ങൾ

4891റൺസ്

ഉയർന്ന സ്കോർ 208

സെഞ്ച്വറി 12

അർദ്ധ സെഞ്ച്വറി 23

52 വിക്കറ്റുകൾ

രഞ്ജി മത്സരങ്ങളുടെ എണ്ണത്തിൽ എന്റെ റെക്കാഡ് രോഹൻ തകർക്കുന്നതിൽ സന്തോഷമേയുള്ളൂ. 13വയസുമുതൽ രോഹനെ അടുത്തുകാണുന്നതാണ്.ഒരു യഥാർത്ഥ ഫസ്റ്റ് ക്ളാസ് ക്രിക്കറ്ററാണ് രോഹൻ. ഇൗ നേട്ടത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.

- കെ.എൻ അനനന്തപത്മനാഭൻ

മുൻ കേരള ക്രിക്കറ്റർ,അമ്പയർ