
തിരുവനന്തപുരം: ടൈറ്റാനിയത്തിൽ സ്ഥിര ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 1.5 കോടി തട്ടിയെടുത്തെന്ന് അറസ്റ്റിലായ മുഖ്യപ്രതി ദിവ്യ ജ്യോതി (ദിവ്യ നായർ) പൊലീസിനോട് സമ്മതിച്ചതോടെ ചുരുളഴിഞ്ഞത് ഒരു സർക്കാർ സ്ഥാപനത്തെ തന്നെ വേദിയാക്കി നടന്ന അപൂർവ സംഭവം. നിരവധി പേർ ഇവരുടെ വലയിൽ വീണെന്നാണ് അറിവ്. വരുംദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി എത്തുമെന്ന് പൊലീസ് കരുതുന്നു.
ആരും വിശ്വസിച്ചു പോകുന്ന തരത്തിലായിരുന്നു സംഘത്തിന്റെ തട്ടിപ്പ് രീതികളെന്ന് പൊലീസ് പറയുന്നു. ടെറ്റാനിയത്തിലെ ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പി തന്റെ കാബിനിൽ നടത്തുന്ന ഇന്റർവ്യുവാണ് ഉദ്യോഗാർത്ഥികൾക്ക് പണം നൽകാൻ പ്രേരകമായത്. തുകയുടെ പകുതി ആദ്യവും ബാക്കി ഇന്റർവ്യൂവിന് ശേഷവും എന്നതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വ്യവസ്ഥ.
ദിവ്യ ജ്യോതി വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ഫോൺ നമ്പർ സഹിതം പോസ്റ്റിടുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ആകൃഷ്ടരായി വിളിക്കുന്നവരുമായി ഇടപാട് ഉറപ്പിക്കും. പകുതി പണം ദിവ്യയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതോടെ ഭർത്താവ് രാജേഷ്, ശശികുമാരൻ തമ്പി, ഇദ്ദേഹത്തിന്റെ സഹപാഠി ശ്യാംലാൽ, ഇയാളുടെ സുഹൃത്ത് പ്രേംകുമാർ എന്നിവർ രംഗത്തെത്തും.
ഇന്റർവ്യൂവിനായി കൊണ്ടുപോകുന്നത് ശ്യാംലാലിന്റെ നേതൃത്വത്തിലാണ്. കാറിൽ കയറിയാൽ ഉടൻ മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്യാൻ ആവശ്യപ്പെടും. ഇന്റർവ്യൂവിൽ ജോലിയെ കുറിച്ചും പ്രൊമോഷൻ സാദ്ധ്യതകളെ കുറിച്ചും ശശികുമാരൻ തമ്പി വിശദീകരിച്ച് വിശ്വാസം ഉറപ്പിക്കും. 15 ദിവസത്തിനുള്ളിൽ നിയമന ഉത്തരവ് ലഭിക്കുമെന്ന് വാഗ്ദാനവും നൽകും. പിന്നാലെ ശേഷിക്കുന്ന തുകയും ഉദ്യോഗാർത്ഥികൾ നിന്ന് ഇടാക്കുന്നതാണ് സംഘത്തിന്റെ തട്ടിപ്പ് രീതിയെന്ന് പൊലീസ് പറഞ്ഞു.