
ഏതൊരു വിഷയത്തിലും അനാവശ്യ ആശങ്കകൾ പരത്തി തെറ്റിദ്ധരിപ്പിക്കുക എന്നത് പ്രതിപക്ഷതന്ത്രമാണ്. പ്രതിപക്ഷത്ത് ഏതുകക്ഷി വന്നാലും ഇതേതന്ത്രമാണ് പയറ്റുന്നത്. സർക്കാരിനെ വെട്ടിലാക്കാൻ വസ്തുതകൾക്കൊപ്പം കുറച്ച് അസത്യവും പ്രചരിപ്പിക്കും. ബഫർസോൺ വിഷയത്തിലും പല വിധത്തിലുള്ള ആശങ്കകൾ പരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സർക്കാരിനെതിരെ പള്ളിക്കാരുടെ നേതൃത്വത്തിൽ ഒരു സമരത്തിനുള്ള ഗൂഢനീക്കങ്ങളും നടന്നു. ഇത് മുൻകൂട്ടിക്കണ്ട് ഇത്തരക്കാരുടെ ലക്ഷ്യങ്ങൾ നടക്കില്ലെന്നും ഉപഗ്രഹസർവേ റിപ്പോർട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത് ഉചിതമായി.
ബഫർസോൺ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമാക്കാനാണ് ഉപഗ്രഹസർവേ നടത്തിയത്. എന്നാൽ ഉപഗ്രഹ സർവേയിൽ എല്ലാക്കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് റിപ്പോർട്ട് അന്തിമമല്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ദ്ധസമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണ് സർക്കാർ നിലപാട്. ഇത് ജനങ്ങൾക്ക് സ്വീകാര്യമായ നിലപാടാണ്. ബഫർസോൺ ആശങ്കയിൽ പ്രധാനമായും 115 പഞ്ചായത്തുകളാണുള്ളത്. ഇവിടെ തദ്ദേശവകുപ്പിന്റെ ഫീൽഡ് പരിശോധനയും കെട്ടിടങ്ങളുടെ കണക്കെടുപ്പും ത്വരിതപ്പെടുത്തണം. നിർമാണങ്ങളുടെ കണക്ക് ശേഖരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വിട്ടുപോയ സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ സാദ്ധ്യമായ എല്ലാ നടപടിയും സ്വീകരിക്കണം. പൂർണ റിപ്പോർട്ട് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതിന് ശേഷം വേണം കോടതിയിലും കേന്ദ്രസർക്കാരിനും സമർപ്പിക്കാൻ.
സംരക്ഷിത വനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖല സംബന്ധിച്ച ആശങ്കയും പ്രതിസന്ധിയും പരിഹരിക്കാൻ 115 പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകൾ തുടങ്ങിയിട്ടുണ്ട്. കള്ള പ്രചാരണങ്ങളിൽ വീഴാതെ ജനങ്ങൾ ഹെൽപ് ഡെസ്കിലെത്തി കാര്യങ്ങൾ മനസിലാക്കുകയാണ് വേണ്ടത്. ബഫർസോൺ ഉൾപ്പെടുന്ന പ്രദേശത്തിന്റെ കെസ്റക് റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും ജനങ്ങൾക്ക് ഹെൽപ് ഡെസ്കിൽ പരിശോധിക്കാനാവും. തന്റെ വീടോ സ്ഥാപനങ്ങളോ ഉൾപ്പെട്ടിട്ടില്ലെങ്കിൽ പരാതി നൽകാൻ അവസരമുണ്ട്. ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് പ്രായോഗികമല്ല. അതേസമയം വനനശീകരണവും കാട് കൈയേറലുമൊന്നും ഇനി അനുവദിക്കാനുമാവില്ല. മലയോര പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിനും മറ്റും കൈയേറ്റങ്ങൾ വലിയൊരു പരിധിവരെ ഇടയാക്കിയിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. അതേസമയം കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. ഇക്കാര്യങ്ങളെല്ലാം വിദഗ്ദ്ധസമിതി കണക്കിലെടുക്കുമെന്ന് കരുതാം.
ജനവാസമേഖലകളെ ഒഴിവാക്കുന്നതിനൊപ്പം വനമേഖലകൾ സംരക്ഷിക്കപ്പെടുകയും വേണം. ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനും കാര്യങ്ങൾ വിദഗ്ദ്ധസമതിയെ ബോദ്ധ്യപ്പെടുത്താനും സർക്കാർ പരമാവധി സമയം നൽകുകയും വേണം. മാനുവൽ സർവേ ആവശ്യമുള്ളിടത്ത് അത് നടത്താനും സർക്കാർ തയാറാവണം. കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് കൃത്യമായ വിവരങ്ങളോടെ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞാൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ സുപ്രീംകോടതി അനുവദിക്കാതിരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെയും വിദദ്ധസമതിയുടെയും നിലപാടുകൾ പ്രധാനമാണ്. അതേസമയം ഇക്കാര്യത്തിൽ വ്യാജപ്രചാരണങ്ങൾ നടത്താതിരിക്കാനും അതിൽ വീണപോകാതിരിക്കാനും ബഫർസോൺ പരിധിയിൽവരുന്ന ജനങ്ങൾ ശ്രദ്ധപുലർത്തേണ്ടത് അനിവാര്യമാണ്. ഒന്നിച്ച് നിന്നാൽ ഭരണഘടനാനുസൃതമായ ചർച്ചകളിലൂടെ പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല. ഭിന്നിച്ച് നിൽക്കുമ്പോഴാണ് പലതും പരിഹരിക്കാനാവാതെ തുടരുന്നത്.