
ലക്നൗ: ഉറക്കത്തിനിടെ അമ്മ മുകളിലേയ്ക്ക് ഉരുണ്ട് വീണ് ഒന്നരവയസ് പ്രായമായ ആൺകുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിൽ ശനിയാഴ്ചയാണ് സംഭവം . രാവിലെ ഉറക്കമുണർന്നപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ തന്റെ ഭാര്യ കാജൽ ദേവി (30) മനഃപൂർവം കുഞ്ഞിനെ ഉറക്കിക്കിടത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് വിശാൽ കുമാർ (32) ആരോപിച്ചു. ഇതോടെ വിശാലിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, ഉറക്കത്തിൽ താൻ കുഞ്ഞിന് മുകളിലേയ്ക്ക് ഉരുണ്ട് വീണുവെന്നും എത്ര നേരം കിടന്നുവെന്നോ എപ്പോഴാണ് കുഞ്ഞ് മരിച്ചതെന്നോ തനിക്കറിയില്ലെന്നുമാണ് കാജൽ ദേവി വിഷയത്തിൽ പ്രതികരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
എട്ട് വർഷം മുമ്പാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ മൂന്ന് ആൺമക്കളിൽ ഇളയ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വിശാലിന്റെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്നും എസ്എച്ച്ഒ അരിഹന്ത് സിദ്ധാർത്ഥ പറഞ്ഞു.