elon-musk

വാഷിംഗ്‌‌ടൺ: പുതിയ നയങ്ങളും സവിശേഷതകളും അവതരിപ്പിച്ച് ഒട്ടേറെ ഉപഭോക്താക്കളുടെ അപ്രീതി ഏറ്റുവാങ്ങിയ ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് പുതിയ നടപടിയുമായി രംഗത്ത്. പുതിയ അഭിപ്രായ വോട്ടെടുപ്പുമായാണ് മസ്‌ക് എത്തിയിരിക്കുന്നത്. ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് താൻ ഒഴിയണോയെന്നാണ് മസ്‌ക് ചോദിക്കുന്നത്. വോട്ടെടുപ്പിൽ ഫലം എന്തായാലും താനത് അംഗീകരിക്കുമെന്നും മസ്‌ക് പറയുന്നു. 'യെസ്', 'നോ' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുള്ള ചോദ്യത്തിന് ഇതിനോടകം തന്നെ 17 മില്യണിൽപ്പരം ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.

സമ്മിശ്ര പ്രതികരണങ്ങളാണ് മസ്‌കിന്റെ ചോദ്യത്തിന് ലഭിക്കുന്നത്. പോളിംഗ് തുടങ്ങി എട്ടുമണിക്കൂറോളം പിന്നിടുമ്പോൾ 56.7 ശതമാനം പേർ മസ്‌ക് സ്ഥാനമൊഴിയണമെന്നും 43.3 ശതമാനം പേർ വേണ്ടെന്നും അഭിപ്രായപ്പെടുന്നു.

Should I step down as head of Twitter? I will abide by the results of this poll.

— Elon Musk (@elonmusk) December 18, 2022

'ട്വിറ്ററിൽ നടപ്പാക്കാനൊരുങ്ങുന്ന പ്രധാന നയമാറ്റങ്ങൾക്കും വോട്ടെടുപ്പ് ഉണ്ടാകും. താൻ ക്ഷമചോദിക്കുന്നു. ഇത്തരത്തിൽ ഇനി സംഭവിക്കില്ല'- മറ്റൊരു ട്വീറ്റൽ മസ്‌ക് വ്യക്തമാക്കി.

Going forward, there will be a vote for major policy changes. My apologies. Won’t happen again.

— Elon Musk (@elonmusk) December 18, 2022

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, മസ്റ്റോഡോൺ തുടങ്ങിയ മറ്റ് സമൂഹമാദ്ധ്യ പ്ളാറ്റ്‌ഫോമുകളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ വിലക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഭിപ്രായ വോട്ടെടുപ്പുമായി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്. മസ്‌കിന്റെ പുതിയ തീരുമാനം അനേകം ഉപഭോക്താക്കളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു.

Should we have a policy preventing the creation of or use of existing accounts for the main purpose of advertising other social media platforms?

— Twitter Safety (@TwitterSafety) December 19, 2022