sivankutty-dr-anil

തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ഒത്തുതീർപ്പിന്റെ വക്കോളമെത്തിയ സമരത്തിന്റെ ഗതി പെട്ടെന്ന് വഴിമാറിയതിന്റെ അങ്കലാപ്പിലാണ് എൽ.ഡി.എഫ് നേതൃത്വം. ഔദ്യോഗികമായും അല്ലാതെയും മന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചകൾ ഒരുവിധം ഫലം കണ്ടിരുന്നുവെങ്കിലും എരിതീയിൽ എണ്ണയായിട്ടാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ വിവാദ പരമാർശങ്ങളുണ്ടായത്. ഭരണസമിതിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്ന നടപടികൾ തുടർച്ചയായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിൽ സി.പി.എമ്മിലെയും കൗൺസിലർമാരിലെയും ഒരു വിഭാഗം അമർഷത്തിലാണ്.

ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനു പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടേതെന്ന പേരിൽ കത്ത് പുറത്തുവന്നത് കഴിഞ്ഞ മാസം 5 നാണ്. തൊട്ടുപിന്നാലെ എസ്.എ.ടിയിലെ നിയമനങ്ങൾക്കായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകാൻ ഡി.ആർ. അനിൽ തയ്യാറാക്കിയ കത്തും പുറത്തായി. തുടർച്ചയായ സമരത്തിനിടെ മുൻ വർഷങ്ങളെക്കാൾ നഗരസഭയുടെ റവന്യു വരുമാനം പകുതിയായി കുറഞ്ഞു. ജനന, മരണങ്ങൾ രജിസ്റ്റർ ചെയ്യാനോ അത്യാവശ്യ സർട്ടിഫിക്കറ്റു പോലുമോ ജനം കോർപ്പറേഷൻ ഓഫിസിൽ വരാതെയായി. ഭരണസമിതി അംഗങ്ങളുടെ സ്വജനപക്ഷപാതം ചൂണ്ടിക്കാട്ടി വാർഡുതലത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രചാരണം ആരംഭിച്ചു. പ്രവർത്തകരുടെ പങ്കാളിത്തമില്ലാതെ ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് സമരം അവസാനിപ്പിച്ചു മടങ്ങുമെന്ന സി.പി.എമ്മിന്റെ ധാരണയും തെറ്റി.

ചർച്ച നടത്തിയത് ആദ്യം ഫലം കണ്ടു പിന്നെ മങ്ങി

മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞെങ്കിലും ശിവൻകുട്ടി സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം തുടർന്നിരുന്നു. നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള ഫോർമുല തയ്യാറാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സമരത്തിന്റെ ഗതി മാറിയത്. ഹാജർ ബുക്കിൽ ഒപ്പു രേഖപ്പെടുത്തിയ ബിജെപിയുടെ വനിതാ കൗൺസിലർമാരെയാണ് അനിൽ ആക്ഷേപിച്ചത്. 'കാശു കിട്ടനാണെങ്കിൽ വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്' എന്നതായിരുന്നു അനിലിന്റെ പരമാർശം.

എസ്.എ.ടി വിശ്രമ കേന്ദ്രം പൂട്ടാൻ മേയർ നേരിട്ടെത്തിയതും സ്വകാര്യ ഹോട്ടൽ ഉടമയ്ക്കു എം.ജി റോഡിലെ പാർക്കിംഗ് നൽകാൻ ചരടുവലിച്ചതിനുപിന്നിലും അനിലിന്റെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്. കത്ത് വിവാദത്തിന് പകരം സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കുന്നതിൽ പാർട്ടി തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന.