fb-post

ഇടുക്കി: തന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള മൂത്തമകന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി കോൺഗ്രസ് നേതാവും പീരുമേട് മുൻ ജനപ്രതിനിധിയുമായ അറുപതുകാരൻ. പോസ്റ്റിന് താഴെ വന്ന അനുശോചനങ്ങൾക്കും ആദരാഞ്ജലികൾക്കും മറുപടി നൽകി മടുത്തിരിക്കുകയാണ് അദ്ദേഹം. സംഭവം അറിഞ്ഞ് അയൽവാസികൾ നേരിട്ടെത്തി, വിദേശത്ത് നിന്നടക്കം ഫോൺ കോളുകൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തന്റെ പിതാവിന്റെ മരണവാർത്ത അറിയിച്ചുകൊണ്ട് കോൺഗ്രസ് നേതാവിന്റെ മകൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'ആർ ഐ പി, ഐ മിസ് യു' എന്ന ക്യാപ്ഷനോടെയാണ് നേതാവിന്റെ ചിത്രം മകൻ പങ്കുവച്ചത്. ഇത് കണ്ടയുടൻ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കമന്റ് ചെയ്തു. ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യുവും അനുശോചനം രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്.

ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് 'തന്റെ മരണവിവരം' നേതാവ് അറിയുന്നത്. എങ്ങനെയായിരുന്നു മരണമെന്ന് ചോദിച്ച് നിരവധി പേർ കുടുംബാംഗങ്ങളെ വിളിച്ചു. അച്ഛനും മകനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചരമക്കുറിപ്പ് ഇട്ടതെന്നാണ് സൂചന.

മകനെതിരെ പരാതി നൽകാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കളുടെ അഭിപ്രായങ്ങൾ മാനിച്ച് മാപ്പ് നൽകാൻ നേതാവ് തീരുമാനിച്ചു. അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി മറ്റാരോ ആണ് പോസ്റ്റിട്ടതാണെന്നാണ് മകന്റെ പ്രതികരണം.