
തൃശൂർ: ഫിഫ വേൾഡ് കപ്പിൽ അർജന്റീനയുടെ മെസിപ്പട ഖത്തറിൽ കപ്പുയർത്തിയാൽ സൗജന്യമായി ബിരിയാണി നൽകുമെന്ന വാക്ക് പാലിച്ച് ഹോട്ടലുടമ. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് സൗജന്യ ബിരിയാണി നൽകുന്നത്.
'ആൾക്കാർ വരുന്തോറും ബിരിയാണി കൊടുക്കും, മെസി കപ്പിൽ മുത്തമിട്ട നിമിഷമാണ്. ഞങ്ങൾ തകർക്കും' - ഹോട്ടലുടമ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ബിരിയാണി ചെമ്പ് പൊട്ടിച്ചത് മുതൽ ഹോട്ടലിന് മുന്നിൽ നീണ്ട ക്യൂവാണ്. രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്.

കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയിൽ ആഘോഷം നടത്തുന്നത്. തൃശൂർ ചേറൂർ പള്ളിമൂലയിലെ ഷിബു പൊറത്തൂരിന്റെ ഉടമസ്ഥതയിലുള്ള റോക്ക് ലാന്റ് ഹോട്ടലിൽ, ഇന്നലെ അർജന്റീന കപ്പുയർത്തിയതിന് തൊട്ടുപിന്നാലെ തന്നെ ബിരിയാണി വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
