
ന്യൂഡൽഹി: നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റങ്ങൾ കൊണ്ടുവരാൻ ചൈനയെ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ഇന്തോ- ജപ്പാൻ കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ നിയന്ത്രണ രേഖയിൽ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ, എൽ എ സി) വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരുടെ ചുമതലകളെക്കുറിച്ച് വിശദീകരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം.
ചൈന ഉൾപ്പെടെ ഒരു രാജ്യത്തെയും എൽ എ സിയിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ലെന്ന് എസ് ജയ്‌ശങ്കർ വ്യക്തമാക്കി. മുൻപില്ലാതിരുന്ന തരത്തിൽ ചൈനീസ് അതിർത്തിയിൽ ഇന്ന് ഇന്ത്യൻ സേനയെ വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ ആക്രമണങ്ങളെ ചെറുക്കാനാണിത്. എൽ എ സിയിൽ മാറ്റങ്ങൾ വരുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യൻ സൈന്യം ചെറുക്കും. ഇത് ഇന്ത്യൻ ഭരണകൂടത്തിന്റെ ബാദ്ധ്യതയും ഇന്ത്യൻ സേനയുടെ കടമയുമാണെന്ന് ജയ്‌ശങ്കർ പറഞ്ഞു.
ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടയിലും വ്യാപാരം തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ജയ്‌ശങ്കർ മറുപടി നൽകി. 1990കളിൽ ചെറുകിട സംരംഭങ്ങളെ ശക്തിപ്പെടുത്താത്ത രീതിയിൽ നമ്മൾ സമ്പദ്‌വ്യവസ്ഥ വളർത്തിയപ്പോൾ എന്താണ് സംഭവിച്ചത്. വലിയ തോതിലെ ഇറക്കുമതിയും വ്യവസ്ഥാപിത പിന്തുണയുമുള്ള സമ്പദ്‌വ്യവസ്ഥകളുമായി മത്സരിക്കുന്നത് പ്രയാസമേറിയതാണെന്ന് അവർ മനസിലാക്കി. നമ്മൾ വിതരണ ശൃംഖല നിർമിച്ചിട്ടില്ല. മുപ്പത് വർഷമായി പിന്തുണ ആവശ്യമുള്ള വ്യവസായങ്ങൾക്ക് രാജ്യം സഹായം നൽകിയിരുന്നില്ല. അതിനാലാണ് ചൈനയിൽ നിന്ന് ഇപ്പോഴും ഇറക്കുമതി തുടരുന്നത്. 30 വർഷം കൊണ്ട് ചെയ്ത കാര്യങ്ങൾ അഞ്ച്-പത്ത് വർഷത്തിനുള്ളിൽ തിരിച്ചെടുക്കാൻ കഴിയില്ല. ഇന്ത്യ പോലൊരു രാജ്യത്തിന് ഉൽപ്പാദന മേഖലയെ മറികടക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ജപ്പാനിൽ നിന്ന് ഇന്ത്യ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.