
കറാച്ചി: ചെല്ലും ചെലവും കൊടുത്ത് വളർത്തിയ പാകിസ്ഥാനെ തിരിഞ്ഞുകൊത്തി താലിബാൻ. രാജ്യത്തെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ തന്ത്രപ്രധാനമായ ഒരു പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം പാക് തെഹ്‌രീക് താലിബാൻ (ടിടിപി) കൈക്കലാക്കി. ആയുധധാരികളായ ഭീകരർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്റ്റേഷനിൽ തടവിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സഹപ്രവർത്തകരെ ഭീകരർ മോചിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആയുധങ്ങളും ഇവർ കൈക്കലാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ ഒമ്പതുപേർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ഭീകരർ പറയുന്നത്. ഇത് തെളിക്കുന്ന വീഡിയോയും അവർ പുറത്തുവിട്ടിട്ടുണ്ട്. വിമാനമാർഗം തങ്ങൾക്ക് അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള അവസരമൊരുക്കിയാൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഭീകരർ സമ്മതിച്ചിട്ടുണ്ട്. ഇതിന് അധികൃതർ വഴങ്ങിയോ എന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതൽ പൊലീസിനെയും സൈന്യത്തെയും എത്തിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ അതിർത്തിപ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കാനുള്ള ശ്രമങ്ങൾ താലിബാൻ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ തെക്കൻ വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയുടെ അതിർത്തിയിലുള്ള ലക്കി മർവാട്ടിലെ പൊലീസ് സ്റ്റേഷനിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ സർക്കാരുമായി ഏർപ്പെട്ടിരുന്ന വെടിനിറുത്തൽ കരാറിൽ നിന്ന് ടിടിപി കഴിഞ്ഞമാസം ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടർന്ന് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താൻ തങ്ങളുടെ പ്രവർത്തകരോട് ടിടിപി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിർത്തിയിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമനിൽ താലിബാൻ തടത്തിയ ബോംബാക്രമണത്തിലും വെടിവയ്പ്പിലും ഏഴുനാട്ടുകാരാണ് കൊല്ലപ്പെട്ടത്.