
വിഖ്യാതചിത്രമായ ടൈറ്റാനിക് പുറത്തിറങ്ങി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾ ഇപ്പോഴും ചോദിക്കുന്ന ഒന്നുണ്ട്. റോസ് എന്തുകൊണ്ട് ജാക്കിനെക്കൂടി രക്ഷിച്ചില്ലാ? ജാക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംവിധായകനെന്ന പഴി 25 വർഷമായി കേട്ട ജെയിംസ് കാമറൂൺ ഇപ്പോഴിതാ നായകന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ കൊടുംതണുപ്പിൽ മരപ്പലകയുടെ സഹായത്തോടെ പൊങ്ങിക്കിടന്ന റോസ് അൽപ്പം നീങ്ങിക്കൊടുത്തിരുന്നെങ്കിൽ ജാക്കിന് കൂടി രക്ഷപ്പെടാമായിരുന്നു എന്ന സംവാദങ്ങൾക്കാണ് സംവിധായകൻ മറുപടി നൽകുന്നത്. മരപ്പലകയിൽ രണ്ടുപേർക്ക് കിടക്കാനാകുമായിരുന്നില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പഠനം നടത്തിയെന്നുമാണ് ജെയിംസ് കാമറൂൺ വ്യക്തമാക്കിയത്.
സിനിമയിൽ ഉപയോഗിച്ച ചങ്ങാടം പുനർനിർമ്മിച്ചു. ഒരു ഹൈപ്പോഥെർമിയ വിദഗ്ദ്ധന്റെ സഹോയത്തോടെ സമഗ്രമായ ഫോറൻസിക് വിശകലനം നടത്തി. സിനിമയിൽ ജാക്കും റോസുമായി എത്തിയ കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് സ്റ്റണ്ട് ആർട്ടിസ്റ്റുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. അവരുടെ പുറത്തും ഉള്ളിലുമായി സെൻസറുകൾ സ്ഥാപിച്ചു. തുടർന്ന് അവരെ ഐസ് വെള്ളത്തിൽ ഇടുകയും അവർക്ക് തണുപ്പിനെ അവർക്ക് അതിജീവിക്കാൻ കഴിയുമോയെന്ന് വിവിധ രീതികളിൽ പരീക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അതിജീവിക്കുക എന്നത് സാദ്ധ്യമല്ലെന്നും ഒരാൾക്ക് മാത്രമേ അതിജീവിക്കാൻകഴിയൂവെന്നും കണ്ടെത്തിയെന്നും ജെയിംസ് കാമറൂൺ വിശദീകരിച്ചു. ഫെബ്രുവരിയിലെ വാലന്റൈൻസ് വാരാന്ത്യത്തിൽ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി ആണ് പഠനം നടത്തിയത്.
ജാക്ക് മരിക്കേണ്ടതുണ്ടായിരുന്നെന്ന് മറ്റൊരു അഭിമുഖത്തിലും ജെയിംസ് കാമറൂൺ വ്യക്തമാക്കിയിരുന്നു. റോമിയോ- ജൂലിയറ്റ് എന്നിവരുടെ കഥ പോലെയാണിത്. പ്രണയം, ത്യാഗം, മരണം എന്നിവ സംബന്ധിച്ച സിനിമയാണ് ടൈറ്റാനിക്. ത്യാഗത്തിലൂടെയാണ് പ്രണയത്തെ അളക്കുന്നതെന്നും ജെയിംസ് കാമറൂൺ വിശദീകരിച്ചിരുന്നു.