വിവിധതരം പ്രോൺസ് വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ? കൊഞ്ചുറോസ്റ്റ്, കൊഞ്ചുകറി, കൊഞ്ചുഫ്രൈ ഒക്കെ ഇവയിൽ ഉൾപ്പെടും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു അടിപൊളി വിഭവമാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. കൊറിയക്കാരുടെ പ്രിയവിഭവം ടൈഗർ പ്രോൺസ് എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യം ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കി അതിൽ കുറച്ച് ഒലിവ് ഓയിൽ ഒഴിക്കണം. ഇത് ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കാം. ഇത് നല്ല ഗോൾഡൻ നിറത്തിലാകുമ്പോൾ ബാക്കിയുള്ള വെളുത്തുള്ളി അരിഞ്ഞതുമായി ചേർത്ത് മറ്റൊരു പാത്രത്തിലാക്കാം. ഇതിലേയ്ക്ക് കോൺഫ്ളോർ വെള്ളം ചേർത്ത് കലക്കിയെടുത്തത്, ഒയിസ്റ്റർ സോസ്, കുറച്ച് കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കണം. അടുത്തതായി മറ്റൊരു വലിയ പാത്രമെടുത്ത് അതിൽ വെള്ളം നിറച്ച് അതിൽ ഒരു മൺപാത്രം കമിഴ്‌ത്തി വയ്ക്കണം. അടുത്തതായി ഒരു ഗ്ളാസ് പാത്രത്തിൽ മധുരക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് നിരത്തി അതിൽ തോടുകളഞ്ഞ വലിയ കൊഞ്ച് മുക്കാൽ ഭാഗം വരെ രണ്ടായി കീറിയത് വച്ച് അതിന് മുകളിലായി വെളുത്തുള്ളി- സോസ്- മസാല കൂട്ട് വയ്ക്കുക. ഇത് മൺപാത്രത്തിന് മുകളിലായി വച്ച് പത്തുമിനിട്ട് അടച്ചുവച്ച് വേവിക്കണം.
കാപ്പ്‌സിക്കം ചെറുതായി അരിഞ്ഞത്, പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഉള്ളിപ്പൂവ് ചെറുതായി അരിഞ്ഞത് എന്നിവ വേവിച്ചുവച്ചിരിക്കുന്ന കൊഞ്ചിന് മുകളിലായി വിതറണം. ഇതിലേയ്ക്ക് ഒലിവ് ഓയിൽ ചൂടാക്കി ഒഴിച്ചുകൊടുക്കാം. മുകളിലായി അൽപ്പം വറ്റൽ മുളക് പൊടിച്ചത് വിതറാം. ടൈഗർ പ്രോൺസ് റെഡി.
