emiliano-martinez

ഹൃദയം നിലച്ചുപോകുന്ന തരത്തിൽ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ലോകകപ്പ് ഫൈനലിലും അർജന്റീനയുടെ രക്ഷാകരമായി മാറി ഡാമിയൻ എമിലിയാനൊ മാർട്ടിനസ്. മെസിക്ക് വേണ്ടി യുദ്ധം ചെയ്യാനും തയ്യാറാണെന്ന് ലോകകപ്പിന് മുമ്പ് പ്രഖ്യാപിച്ച എമിലിയാനൊ മാർട്ടിനസ് അർജന്റീന ഗോൾ വലയ്ക്കു മുന്നിൽ വൻമതിൽ തീർത്ത് ഒടുവിൽ തന്റെ രാജ്യത്തേയും പ്രിയപ്പെട്ട ക്യാപ്ടനേയും ലോകകിരീടത്തിലേക്ക് കൈപിടിച്ച് നടത്തി. എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയിലെ അവസാന നിമിഷം ഗോളിനടുത്തേക്ക് പാഞ്ഞെത്തിയ മുവാനി പോയിന്റ് ബ്ലാങ്കിൽ തൊടുത്ത തീയുണ്ട നെഞ്ച് വിരിച്ച് തടഞ്ഞ ഈ മുപ്പതുകാരൻ അർജന്റീന താരങ്ങൾക്കും സമ്മർദ്ദത്തിന്റെ പരകോടിയിലായിരുന്ന ലോകമെമ്പാടുമുള്ള ആരാധകർക്കും മൃതസഞ്ജീവിനിയായി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ രണ്ടാം കിക്കെടുത്ത കോമാന്റെ ഷോട്ട് എമി പറന്നകറ്രിയപ്പോൾ കൈവിട്ടെന്ന് കരുതിയ ലോകകിരീടം മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം അർജന്റീനയുടെ കൈകളിൽ എത്തുകയായിരുന്നു. അത്യുന്നതങ്ങളിൽ മറഡോണയും മൈതാനത്ത് മെസിയും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയ നിമിഷം. ഖത്തറിൽ അർജന്റീനയുടെ ലോകകിരീടത്തിലേക്കുള്ള യാത്രയിൽ നിരവധി തവണ എമിയുടെ കൈ സഹായം ഉണ്ടായിരുന്നു. ക്വാർട്ടറിൽ നെതർലൻഡ്സിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവ് ചെയ്ത എമിയാണ് അർജന്റീനയ്ക്ക് സെമിയിലേക്ക് ടിക്കറ്റെടുത്ത് കൊടുത്തത്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെയും അവസാന നിമിഷം എമിയുടെ മാച്ച് വിന്നിംഗ് സേവുണ്ടായിരുന്നു. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഒടുവിൽ അർഹതയക്കുള്ള അംഗീകാരമായി ഖത്തർ ലോകകപ്പിലെ ഏറ്രവും മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗവും എമിക്ക് ലഭിച്ചു. ഗോൾഡൻ ഗ്ലൗ അവാർഡ് നേടുന്ന ആദ്യ അർജന്റീനൻ താരമാണ് എമിലിയാനൊ മാർട്ടിനസ്. ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയുടെ താരമാണ്.

വിവാദ നായകൻ

മികച്ച പ്രകടനത്തിനിടയിലും വിവാദങ്ങളുടെയും പ്രിയ തോഴനാണ് എമിലിയാനാ മാർട്ടിനസ്. അതിരുവിടുന്ന ആഹ്ലാദ പ്രകടനങ്ങളാണ് പലപ്പോഴും താരത്തെ കുഴപ്പത്തിലാക്കാറുള്ളത്. ലോകകപ്പിൽ ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്രുവാങ്ങിയ ശേഷം ടീമംഗങ്ങളുടെ അടുത്തേക്ക് നീങ്ങുന്നതിനിടെ കൈയിലുള്ള പുരസ്കാരവുമായി അശ്ലീല ആംഗ്യം കാണിച്ചെന്നാണ് താരത്തിനെതിരെ ഉയരുന്ന പുതിയ ആരോപണം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ഫിഫ നടപടിയുണ്ടേയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഡ്രസിംഗ് റൂമിലെ ആഘോഷങ്ങൾക്കിടെ എംബാപ്പെയ്ക്കായി ഒരു നിമിഷം നിശബ്ദമായിരിക്കമെന്ന മാർട്ടിനസിന്റെ പരാമർശവും വ്യാപക വിമർശനത്തിന് ഇടയാക്കി.