bhairon-singh-rathore

ജോധ്പൂർ: 1971ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ ലോംഗേവാല പോസ്റ്റിൽ നിർണായക പങ്കുവഹിച്ച ബി.എസ്.എഫ് ജവാൻ ഭൈരോൺ സിംഗ് റത്തോഡ് (81) അന്തരിച്ചു. രാജസ്ഥാനിലെ ജോധ്പൂർ എയിംസിൽ ഇന്നലെയായിരുന്നു അന്ത്യം. ഇന്ത്യ - പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1997ൽ പുറത്തിറങ്ങിയ 'ബോർ‌ഡർ" എന്ന ബോളിവുഡ് സിനിമയിൽ സുനിൽ ഷെട്ടി അവതരിപ്പിച്ച കഥാപാത്രം ഭൈരോൺ സിംഗ് റത്തോഡിനെ ആസ്പദമാക്കിയായിരുന്നു.

1971ലെ യുദ്ധത്തിന്റെ 51ാം വാർഷികത്തിന് രണ്ട് ദിവസം മുമ്പാണ് (ഡിസംബർ 14) ഭൈരോൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ സവായ് സിംഗ് പറഞ്ഞു.

തുടർന്ന് പക്ഷാഘാതമുണ്ടായതോടെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ജോധ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സോളങ്കിയാതല ഗ്രാമത്തിലാണ് റത്തോഡും കുടുംബവും താമസിക്കുന്നത്. മൃതദേഹം ജോധ്പൂരിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

റത്തോഡിന്റെ മരണത്തിൽ ബി.എസ്.എഫ് അനുശോചിച്ചു. നടൻ സുനിൽ ഷെട്ടി ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി.

 പാകിസ്ഥാൻ ബ്രിഗേഡിനെ തകർത്തു

ജയ്‌സാൽമീറിലെ താർ മരുഭൂമിയിലെ ലോംഗേവാല പോസ്റ്റിലാണ് 1971ലെ യുദ്ധ സമയത്ത് റത്തോഡ് സേവനമനുഷ്ഠിച്ചത്. ആർമിയുടെ 23 പഞ്ചാബ് റെജിമെന്റിനെ അനുഗമിച്ച ബിഎസ്എഫ് സംഘത്തിന്റെ യൂണിറ്റിന് കമാൻഡറായിരുന്നു. 1971 ഡിസംബർ അഞ്ചിന് ലോംഗേവാല ആക്രമിച്ച പാക് ബ്രിഗേഡിനെയും ടാങ്ക് റെജിമെന്റിനെയും തകർത്തത് റാത്തോഡിന്റെ നേതൃത്വത്തിലായിരുന്നു. തുടർന്ന് 1972ൽ അദ്ദേഹത്തെ സേന മെഡൽ നൽകി ആരിച്ചു. 1987ൽ ലാൻസ് നായിക്കായാണ് വിരമിച്ചത്.