pinarayi-vijayan

മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

വനവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾപോലും പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ചതുടങ്ങിയ വിഷയമാണ് ബഫർസോൺ. എന്നാലിത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന് തോന്നും വാർത്തകൾ ശ്രദ്ധിച്ചാൽ. സർക്കാരിന് എതിരായി നടക്കുന്ന സമരങ്ങൾ കർഷകരെ സഹായിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർവേ അതേപടി വിഴുങ്ങില്ല എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജി, സ്റ്റാൻഡിംഗ് കൗൺസൽ എന്നിവരുമായും ചർച്ച നടത്തും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

കെസ്‌റക്ക് (കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ) തയ്യാറാക്കിയ ഉപഗ്രഹചിത്രം മാത്രമായി സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്നും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സമർപ്പിക്കൂ എന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ബഫർ സോൺ ആശങ്കയിലായ 115 പഞ്ചായത്തുകളിൽ തദ്ദേശവകുപ്പിന്റെ ഫീൽഡ് പരിശോധനയും കെട്ടിടങ്ങളുടെയും മറ്റും വിവര ശേഖരണവും ത്വരിതപ്പെടുത്തും. വിദഗ്ദ്ധ സമിതിയുടെ കാലാവധി നീട്ടി പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമം.