
ബാങ്കോക്ക്: ഹൃദയാഘാതത്തെ തുടർന്ന് ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള തായ്‌ലൻഡ് രാജകുമാരി ബജ്രകിത്യാഭ മഹിഡോലിന്റെ (44) ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാജകുമാരിയുടെ ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനം നിലനിറുത്തിയിരിക്കുന്നതെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായി നടക്കുന്നില്ല.
തായ്‌ലൻഡ് രാജാവ് വജീറലോംഗ്‌കോണിന്റെ മൂത്ത മകളാണ് 'പ്രിൻസസ് ഭാ" എന്നറിയപ്പെടുന്ന ബജ്രകിത്യാഭ. വജീറലോംഗ്‌കോണിന്റെയും ആദ്യ ഭാര്യ സോംസവാലിയുടെയും ഏക മകളായ ബജ്രകിത്യാഭ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഖാനോ യായ് നാഷണൽ പാർക്കിൽ മിലിട്ടറി ഡോഗ് ട്രെയിനിംഗ് സെക്ഷനിടെ തന്റെ വളർത്തുനായകൾക്കൊപ്പം ഓടുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ഉടൻ അടുത്തുള്ള ഒരു ആശുപത്രിയിലേക്കും അവിടെ നിന്ന് ഹെലികോപ്ടറിൽ ബാങ്കോക്കിലെ ആശുപത്രിയിലേക്കും മാറ്റി. വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയിൽ തൊട്ടടുത്ത സ്ഥാനമാണ് നയതന്ത്രജ്ഞ കൂടിയായ ബജ്രകിത്യാഭയ്ക്ക്. എന്നാൽ ഇതുവരെ കിരീടാവകാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വജീറലോംഗ്‌കോണിന് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.