തിരുവനന്തപുരം: ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ലയണൽ മെസിയുടെ പേരിന്റെ കൂടെ ഒരു നാമം കൂടി ലോകം കൂട്ടിചേർത്തു. ഗോട്ട് (GOAT). എക്കാലത്തെയും മികച്ചത് എന്നാണർത്ഥം (GREATEST OF ALL TIME).ഇന്നലെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ട്രെൻഡിംഗായ പദവും മെസി ഗോട്ടാണ്.അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ട്വിറ്ററിൽ കുറിച്ചതും ഇങ്ങനെ -അർജന്റീനയ്ക്കും ഗോട്ട് മെസിക്കും അഭിനന്ദനങ്ങൾ.ഇതിഹാസ താരമാണ് ഇനി മെസി. അതേസമയം, മറ്റൊരു താരോദയവും ഖത്തറിൽ സംഭവിച്ചു.വേഗതയും കരുത്തും പ്രതിഭയും കൊണ്ട് അർജന്റീനയെ പിടിച്ചുലച്ച ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ. ഇനി ലോക ഫുട്ബാൾ ഭരിക്കുന്നത് താനായിരിക്കുമെന്നതിന്റെ സൂചനയാണ് ഈ യുവ സ്ട്രൈക്കർ നൽകുന്നത്.
ഫൈനലിലെ തോൽവിയിലും തലയുയർത്തിനിന്നത് ഫ്രാൻസിന്റെ പത്താം നമ്പറുകാരൻ എംബാപ്പെയായിരുന്നു. ഇന്ന് ഇരുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന എംബാപ്പെ ഫുട്ബാളിലെ മിക്ക റെക്കാഡും സ്വന്തംപേരിലാക്കുമെന്നാണ് കളിപ്രേമികളുടെ പ്രവചനം. ഒരു ലോക കിരീടവും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവുമധികം തുക വാങ്ങുന്ന താരമാണ് ഇപ്പോൾ.
പിറക്കുന്നു,പുതു ചരിത്രം
എട്ട് ഗോളുകൾ നേടിയ എംബാപ്പെ മെസിയെ മറികടന്ന് ഈ ലോകകപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. 1966ൽ ഇംഗ്ലണ്ടിനെ ജഫ് ഹർസ്റ്റിനുശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി.
1958ൽ ജസ്റ്റ് ഫോണ്ടെയിനുശേഷം ഒരു ലോകകപ്പിൽ ടോപ് ഗോൾ സ്കോറർ ആകുന്ന ആദ്യ ഫ്രഞ്ച് താരമാണ്. ടോപ് സ്കോറർക്കുള്ള പുരസ്കാരത്തിന് ഗോൾഡൻ ബൂട്ട് എന്ന പേര് നൽകിയ ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രഞ്ച് താരവുമാണ് എംബാപ്പെ. 2018ലെ ലോകകപ്പിൽ 4 ഗോൾ നേടി ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു . രണ്ടു ലോകകപ്പുകളിലായി 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി.ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫ്രഞ്ച് താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് എംബാപ്പെ.
കുടുംബത്തോടും സുഹൃത്തുകളോടുമൊപ്പം കിരീടവിജയം ആഘോഷിച്ച മെസി
കുറച്ചുനാൾ കൂടി കളിയിൽ തുടരാനാണ് ആഗ്രഹമെന്നും രാജ്യാന്തര ഫുട്ബാളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്നും പറഞ്ഞു. കാൽപ്പന്തിന്റെ കാമുകന് ദൈവം ഈ വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അർജന്റീനയുടെ ജേഴ്സിയണിഞ്ഞ്ചാമ്പ്യനായി കുറച്ചു നാൾകൂടി കളിക്കണം.- മെസി പറഞ്ഞു. അതേസമയം, ഇനിയൊരു ലോകകപ്പിന് ഉണ്ടാകില്ലെന്ന് മുപ്പത്തിയഞ്ചുകാരനായ മെസി വ്യക്തമാക്കിക്കഴിഞ്ഞു.