china

ബീജിംഗ്: ചൈനയിൽ 32 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ചോംഗ്‌ക്വിംഗ് നഗരത്തിൽ കൊവിഡ് 19 ബാധിച്ച സർക്കാർ ജീവനക്കാർക്ക് ജോലിക്കെത്താം. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ചോംഗ്‌ക്വിംഗിലെ ലോക്ക് ഡൗൺ ഓഴിവാക്കിയത്. നേരത്തെ ഒരു കേസ് റിപ്പോർട്ട് ചെയ്താൽ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ലോക്ക്ഡൗണിലാക്കിയിരുന്ന ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു.

ഇതോടെ രാജ്യത്തെ സീറോ - കൊവിഡ് നയം പൊളിച്ചെഴുതിയതാൻ ചൈനീസ് ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു. ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ ഡിസംബർ ആദ്യം തന്നെ രാജ്യത്തെ ഒട്ടുമിക്ക നിയന്ത്രണങ്ങളും പിൻവലിച്ചു.

നിലവിൽ രാജ്യത്ത് ഒമിക്രോൺ വകഭേദം പടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളും വ്യാപക പരിശോധനകളും ഒഴിവാക്കിയ സർക്കാർ ജനങ്ങൾ സ്വയം മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. നിയന്ത്രണം നീക്കിയെങ്കിലും മാസങ്ങളോളം ലോക്ക്ഡൗണുകളിൽ കഴിഞ്ഞതിനാൽ പലരും രോഗഭീതി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ നിന്ന് സ്വയം ഒഴിവാകുന്നുണ്ട്.

' ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേയും എല്ലാ തലങ്ങളിലുള്ള സർക്കാർ സ്ഥാപനങ്ങളിലേയും ലക്ഷണങ്ങളില്ലാത്തതോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളോ ഉള്ള കൊവിഡ് ബാധിതരായ ജീവനക്കാർക്ക് അവരുടെ ആരോഗ്യനിലയ്ക്കും ജോലിക്കും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിച്ച ശേഷം സാധാരണഗതിയിൽ ജോലിക്ക് പോകാം. " ചോംഗ്‌ക്വിംഗ് പാൻഡമിക് റെസ്പോൺസ് ഓഫീസ് അറിയിച്ചു.

പൊലീസ്, അദ്ധ്യാപകർ തുടങ്ങിയ ജീവനക്കാരെ സ‌ർക്കാർ ഏജൻസികൾ ദിവസേന കൊവിഡ് പരിശോധനക്ക് വിധേയമാക്കില്ലെന്നും പകരം രോഗവ്യാപനം തടയാനുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കെയർ ഹോം, സ്കൂൾ, ജയിൽ എന്നിവിടങ്ങളിൽ ഒഴികെ ' അനാവശ്യമായി" കൊവിഡ് പരിശോധനകൾ നടത്തേണ്ടതില്ലെന്നും ചോംഗ്‌ക്വിംഗ് ഭരണകൂടം അറിയിച്ചു.

അതേ സമയം, ചോംഗ്‌ക്വിംഗ് ഭരണകൂടത്തിന്റെ പുതിയ നടപടിയിൽ ആശങ്ക രേഖപ്പെടുത്തുന്നവരും ഏറെയാണ്. അതിനിടെ, കിഴക്കൻ ഷെജിയാംഗ് പ്രവിശ്യയിലും ആവശ്യമെങ്കിൽ നേരിയ രോഗലക്ഷണമുള്ളവർക്ക് ജോലിക്ക് പോകാമെന്ന് അധികൃതർ അറിയിച്ചു.