
കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ പരാമർശവും വിമർശനവുമായി താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ. ഒരു നിയമത്തിന് മുൻപിലും തോൽക്കില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. സർക്കാർ നടപടിയിൽ അടിമുടി സംശയമാണ്. ഉപഗ്രഹ സർവെയ്‌ക്ക് പിന്നിൽ നിഗൂഢതയുണ്ട്. ജീവനുളളിടത്തോളം ബഫർസോൺ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ലെന്നും ഈ സർക്കാരിനോടും തോൽക്കില്ലെന്നും നീരൊഴുക്കിയവർക്ക് ചോരയൊഴുക്കാനും മടിയില്ലെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം ബഫർസോൺ വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. യോഗത്തിൽ എല്ലാവിഷയവും ചർച്ചചെയ്യുമെന്നും വനവുമായി ബന്ധപ്പെട്ട ചെറിയവിഷയം പോലും പർവതീകരിക്കുകയാണെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ചതുടങ്ങിയ വിഷയമാണ് ബഫർസോൺ. എന്നാലിത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന് തോന്നും വാർത്തകൾ ശ്രദ്ധിച്ചാൽ. സർക്കാരിന് എതിരായി നടക്കുന്ന സമരങ്ങൾ കർഷകരെ സഹായിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർവേ അതേപടി വിഴുങ്ങില്ല എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാരിന്റെ ആലോചന. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജി, സ്റ്റാൻഡിംഗ് കൗൺസൽ എന്നിവരുമായും ചർച്ച നടത്തും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.