
ഡിസ്പൂർ: അർജന്റീനയ്ക്കായി ലോകകപ്പുയർത്തിയ സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിലാണ് ജനിച്ചതെന്ന വിചിത്ര വാദവുമായി കോൺഗ്രസ് എം പി അബ്ദുൾ ഖാലിബ്. മെസി അസാമിലാണ് ജനിച്ചതെന്ന് എം പി തന്റെ ട്വീറ്റ് വഴിയാണ് അറിയിച്ചത്. ട്വീറ്റിന് പുറകെ നിരവധി പേർ പരിഹാസം കലർന്ന പ്രതികരണവുമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതാവ് പോസ്റ്റ് പിൻവലിച്ചു.
അർജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ അഭിനന്ദനമറിയിച്ചാണ് എം പി ട്വീറ്റ് ചെയ്തത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ അസാം ബന്ധത്തിൽ അഭിമാനിക്കുന്നു അദ്ദേഹം കുറിച്ചു. ലോകകപ്പ് കിരീടമുയർത്തുന്ന മെസിയുടെ ചിത്രവുമായുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേർ താരവും അസാമും തമ്മിലുള്ള ബന്ധമെന്താണെന്ന് കമന്റുകളിലൂടെ തിരക്കാനാരംഭിച്ചു. എന്നാൽ മെസി അസാം സംസ്ഥാനത്തിലാണ് ജനിച്ചത് എന്നായിരുന്നു അബ്ദുൾ ഖാലിബ് എം പിയുടെ മറുപടി.

അദ്ദേഹത്തിന്റെ ട്വീറ്റ് നിരവധിപ്പേർ റീട്വീറ്റ് ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ അമളി മനസിലാക്കിയെന്നോണം എം പി തന്റെ ട്വീറ്റ് പിൻവലിക്കുകയായിരുന്നു. അസാമിലെ ബാർപേട്ട മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം പിയാണ് അബ്ദുൾ ഖാലിബ്.