
ബാങ്കോക്ക്: തായ്‌ലൻഡ് നേവിയുടെ യുദ്ധക്കപ്പൽ കടലിൽ മുങ്ങിയതിനെ തുടർന്ന് 31 നാവികരെ കാണാതായി. തായ്‌ലൻഡ് ഉൾക്കടലിൽ ഞായറാഴ്ചയായിരുന്നു അപകടം. 75 പേരെ രക്ഷപെടുത്തി. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. 106 ലേറെ നാവികരുമായി സഞ്ചരിച്ച എച്ച്.ടി.എം.എസ് സുഖോതായ് എന്ന യുദ്ധക്കപ്പലാണ് കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയത്. കപ്പലിന്റെ പവർ കൺട്രോളിലേക്ക് വെള്ളം ഇരച്ചുകയറി. യുദ്ധക്കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും നേതൃത്വത്തിൽ ഇന്നലെ വൈകിയും നാവികർക്കായി തെരച്ചിൽ തുടർന്നു. കടൽ പ്രക്ഷുബ്ദമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടത്തിൽ അന്വേഷണം ആരംഭിച്ചെന്ന് നേവി അറിയിച്ചു. കപ്പൽ മുങ്ങുമ്പോൾ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളം കയറിയതിന് പിന്നാലെ പവർ റൂമിൽ ഷോർട്ട് സർക്യൂട്ടുണ്ടായതോടെ കപ്പലിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കപ്പലിന്റെ നിയന്ത്രണം നിലനിറുത്താൻ നാവികർ ശ്രമിച്ചെങ്കിലും ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 10 മണിയോടെ കപ്പൽ മുങ്ങുകയായിരുന്നു. പ്രച്വാപ് ഖിരി ഖാൻ പ്രവിശ്യയിലെ ബാംഗ് സാഫന് കിഴക്ക് 32 കിലോമീറ്റർ അകലെ കടലിൽ പട്രോളിംഗ് നടത്തവെയാണ് അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 1980കളിൽ തായ് നേവിക്ക് വേണ്ടി യു.എസിൽ നിർമ്മിച്ച കപ്പലാണ് എച്ച്.ടി.എം.എസ് സുഖോതായ്.