
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷുബ്ദ്ധമാക്കുമെന്ന് ബിജെപി. കത്ത് വിവാദത്തിൽ ഒരു മാസത്തിലേറെയായി നടക്കുന്ന അഴിമതി വിരുദ്ധ സമരവും സിപിഎം കൗൺസിലറുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സമരവും പ്രവർത്തകരെ ഏകോപിപ്പിച്ച് കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.
മെഡിക്കൽ കോളേജിലെയും എസ്എറ്റി ആശുപത്രിയിലെയും സമീപകാലത്തെ നിയമനങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അനുഭാവികൾക്ക് പുറമേ ക്രിമിനൽ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി അനധികൃതമായി നിയമിക്കുന്ന മാഫിയാ സംഘം ഒരു സിപിഎം നേതാവിന്റെ കീഴിൽ രൂപപ്പെട്ടതായും വിവി രാജേഷ് ആരോപിച്ചു. താത്ക്കാലിക തസ്തികകളിലേയ്ക്കുള്ല നിയമനത്തിന് ഒരു ലക്ഷം രൂപ വരെ കോഴയായി കൈപ്പറ്റുന്നതായും കൂടാതെ പ്രതിമാസ ശമ്പളത്തിൽ നിന്നും സിപിഎം നേതാവിന് ഒരു വിഹിതം നൽകുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
അതേ സമയം ഔദ്യോഗികമായും അല്ലാതെയും നഗരസഭയിലെ പ്രതിപക്ഷ സമരം ഒത്തുതീർപ്പിലെത്തിക്കാനായി മന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചകൾ ഒരുവിധം ഫലം കണ്ടിരുന്നുവെങ്കിലും എരിതീയിൽ എണ്ണയായിട്ടാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ വിവാദ പരാമർശങ്ങളുണ്ടായത്. ഭരണസമിതിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്ന നടപടികൾ തുടർച്ചയായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിൽ സി.പി.എമ്മിലെയും കൗൺസിലർമാരിലെയും ഒരു വിഭാഗം അമർഷത്തിലാണ് എന്നാണ് വിവരം.