
തിരുവനന്തപുരം : മുഖ്യമന്ത്രി നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് ക്ഷണമില്ല, നാളെ ഉച്ചയ്ക്ക് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയത്. സർവകലാശാല നിയമനങ്ങളിലുൾപ്പെടെ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാതിരുന്നത്.
നേരത്തെ ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു, എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തിരുന്നില്ല.
സാധാരണനിലയിൽ മുഖ്യമന്ത്രിയുടെ വിരുന്നിൽ ഗവർണർമാരെ ക്ഷണിക്കാറില്ല. കഴിഞ്ഞ റംസാൻ കാലത്ത് നടത്തിയ ഇഫ്താർ വിരുന്നിലും ഗവർണർ പങ്കെടുത്തിരുന്നില്ല. ഗവർണർ എത്തുമ്പോൾ സുരക്ഷാമുൻകരുതലുകളും പ്രോട്ടോക്കോൾ നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തവണയും ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. അതേസമയം ജസ്റ്റിസ് പി. സദാശിവം ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് ക്ഷണിച്ച ചരിത്രമുണ്ട്.