teacher

ബംഗളൂരു: അദ്ധ്യാപകന്റെ ക്രൂരമായ ശിക്ഷയേറ്റ പത്തുവയസുകാരൻ മരിച്ചു. കർണാടകയിൽ ഹഗ്‌ലി ഗ്രാമത്തിൽ ആ‌ദർശ് പ്രൈമറി സ്‌കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥി ഭരത് ആണ് മരിച്ചത്. കുട്ടിയെ വഴക്കുപറഞ്ഞ അദ്ധ്യാപകൻ മുത്തപ്പയാണ് കൊലപാതകം നടത്തിയത്. മൺകോരിക കൊണ്ട് കുട്ടിയെ ആഞ്ഞടിക്കുകയും ശേഷം സ്‌കൂളിലെ ഒന്നാംനിലയിലെ ബാൽക്കണിയിൽ നിന്ന് താഴേയ്‌ക്ക് തള‌ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്നാണ് വിവരം. കൊലയ്‌ക്ക് ശേഷം മുത്തപ്പ ഒളിവിൽ പോയെന്നാണ് സൂചന.

കുട്ടിയുടെ അമ്മയും ഇതേ സ്‌കൂളിൽ അദ്ധ്യാപികയുമായ ഗീതാ ബാർക്കറെയും മുത്തപ്പ നേരത്തെ മർദ്ദിച്ചിരുന്നു. തുടർന്നുണ്ടായ പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗീത ഇപ്പോൾ ചികിത്സയിലാണ്. സ്‌കൂളിലെ കരാർ അദ്ധ്യാപകനാണ് മുത്തപ്പ. ഇയാൾക്കുവേണ്ടിയുള‌ള അന്വേഷണം ഊർജിതപ്പെടുത്തിയതായാണ് പൊലീസ് അറിയിക്കുന്നത്. ഡൽഹിയിൽ സമാനമായ സംഭവത്തിൽ അദ്ധ്യാപിക അറസ്‌റ്റിലായതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്.