
ഫ്രഞ്ച് മുൻ നിര താരം കരീം ബെൻസേമ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ലോകകപ്പിൽ ഫ്രാൻസ് അർജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഖത്തർ ലോകകപ്പിൽ തുടയ്ക്കേറ്റ പരിക്ക് മൂലം സൂപ്പർ താരത്തിന് ഫ്രഞ്ച് ടീമിന്റെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ബെൻസേമയുടെ അഭാവത്തിലും ഫ്രാൻസ് ഫൈനലിലെത്തിയങ്കിലും ആരാധകർ പലപ്പോഴും പ്രിയ താരത്തിന്റെ ലോകകപ്പിലെ ഭാവിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആശങ്കയുന്നയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം "എനിക്കതിന് താത്പര്യമില്ല" എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് പങ്കുവെച്ചിരുന്നു.
ബെൻസേമ ഫ്രഞ്ച് പരിശീലകനെതിരെയുള്ള പ്രതിഷേധമായാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തത് എന്ന നിഗമനത്തിലും നിരവധി ആരാധകർ എത്തിച്ചേർന്നു. ഇതിനിടയിലണ് താരം എന്നന്നേയ്ക്കുമായി ഫ്രഞ്ച് ജേഴ്സി അഴിച്ച് വെയ്ക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2007-ൽ ഫ്രാൻസിനായി അരങ്ങേറ്റം കുറിച്ച താരം 97 മത്സരങ്ങളിൽ നിന്നും ഇത് വരെ 37 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങുന്നുവെങ്കിലും 35-കാരനായ വെറ്ററൻ താരം റയൽ മാഡ്രിഡിലൂടെ ക്ളബ് ഫുട്ബാളിൽ തുടരും.