
ലക്നൗ: അലഹബാദ് യൂണിവേഴ്സിറ്റിയിൽ സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് മുൻ വിദ്യാർത്ഥി നേതാവിന് കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഫീസ് വർദ്ധനയ്ക്കെതിരെ മാസങ്ങളായി കാമ്പസിൽ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇയാൾ കാമ്പസിലെത്തിയത്.അതേസമയം ഫീസ് വർദ്ധന പിൻവലിക്കില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്.
പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാർക്കും സ്ഥലത്തെത്തിയ പൊലീസുകാർക്കു നേരെയും കല്ലേറുണ്ടായി. ഒരു ബൈക്കിന് അക്രമികൾ തീയിട്ടു. മെയിൻ ഗേറ്റിന് മുന്നിൽ പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ ബാറ്റൺ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇരു ഭാഗത്തും നിരവധി പേർക്ക് പരിക്കേറ്റു. സ്ഥിതി നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പ്രതിഷേധക്കാർയൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളല്ലെന്നും ഇവർ രണ്ട് അദ്ധ്യാപകരുടെ കാറുകളുടെ ചില്ല് തകർത്തെന്നും ജനറേറ്റർ തീയിട്ട് നശിപ്പിച്ചെന്നും കാന്റീനിലും തീയിട്ടെന്നും യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി ഇന്ന് പ്രവർത്തിക്കില്ല.