
ലോക്ക്ഡൗൺ കാലയളവിലെ തകർച്ചയിൽ നിന്ന് തമിഴ് സിനിമയെ കൈപിടിച്ചുയർത്തിയ ചിത്രമായിരുന്നു വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. അത് കൊണ്ട് തന്നെ മാസ്റ്ററിന്റെ വിജയത്തിന് പിന്നാലെ വിജയ്- ലോകേഷ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.
അതിനിടയിൽ ലോകേഷ് യൂണിവേഴ്സിന്റെ ഭാഗമായ വിജയ്‌യുടെ പുതിയ ചിത്രത്തെക്കുറിച്ച് ഏറെ ആകാംക്ഷഭരിതമായ വിവരം പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കളിലൊരാളായ ധനഞ്ജയൻ. വിജയ്‌യുടെ പുതിയ ചിത്രം ഒരു പാൻ ഇന്ത്യൻ പ്രോജക്ട് ആയിരിക്കുമെന്ന് അദ്ദേഹം ഒരു പ്രാദേശിക മാദ്ധ്യമത്തോട് പ്രതികരിച്ചതായാണ് വിവരം. കൂടാതെ ചിത്രത്തിലെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയിലാണ് ആരംഭിക്കുന്നത്.
വാരിസാണ് വിജയ്‌യുടെ റിലീസ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇളയ ദളപതി വിജയ‌്‌യുടെ 66-ാം ചിത്രമായ വാരിസിന്റെ സംവിധാനം വംശി പൈഡിപ്പള്ളിയാണ്. തെലുങ്കിലും വാരിസ് ഒരുങ്ങുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. എസ് .ജെ .സൂര്യ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു .വിജയ്‌യും എസ്.ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്നതാണ് വാരിസിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ വിജയ് ഗാനം ആലപിക്കുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് .തമൻ നിർവഹിക്കുന്നു.